Asianet News MalayalamAsianet News Malayalam

'പെട്രോളിന് 44.52 രൂപ നിരക്കിൽ വിൽപ്പന'; തിക്കിത്തിരക്കി ജനം

. "രാജ്യത്ത് ഇന്ധന വില വർദ്ധനവില്ല...ജനം അനുഭവിക്കുന്നത് നികുതി ഭീകരത ...!" എന്ന പ്രമേയത്തിലാണ് 'സമരം' നടത്തിയത്.

petrol price congress conduct taxless petrol sale strike at malapuram
Author
Malappuram, First Published Oct 23, 2021, 6:28 PM IST

മലപ്പുറം: പെട്രോളിന് 44.52 രൂപ നിരക്കിൽ 'വിൽപ്പന' നടത്തിയതോടെ തിക്കിത്തിരക്കി ജനം. കേട്ടവർ കേട്ടവർ വണ്ടിയുമായി എത്തിയതോടെ 'പ്രതീകാത്മക' പമ്പിൽ വൻ തിരക്ക്. സംഭവം കേട്ട് ഞെട്ടാൻ വട്ടെ. ശനിയാഴ്ച്ച രാവിലെ പതിനൊന്നോടെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ധന വില വർധനക്കെതിരെ നടത്തിയ പ്രതിഷേധത്തിലാണ് പെട്രോളിന് 'ആദായ വിൽപ്പന' നടത്തിയത്. 

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചാണ് മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി മലപ്പുറം കെ എസ് ആർ ടി സി ഡിപ്പോക്ക് സമീപം പ്രതീകാത്മക പമ്പ് സ്ഥാപിച്ചത്. തുടർന്ന് നികുതി ഒഴിവാക്കി ഇന്ധന വിൽപ്പന നടത്തുകയും ചെയ്തു. ഒരു ലിറ്റർ പെട്രോൾ കുപ്പികളിലാക്കിയാണ് വിതരണം നടത്തിയത്. പ്രതിഷേധ സമയത്ത് കുന്നുമ്മൽ പരിസരത്തിലൂടെ പോയവർക്കെല്ലാം വമ്പിച്ച വിലക്കുറവിൽ പെട്രോൾ ലഭിച്ചു. പലരും രണ്ടും മൂന്നും കുപ്പികൾ കൈക്കലാക്കാനുള്ള ശ്രമത്തിലായിരുന്നു. തിരക്ക് വർധിച്ചതോടെ കോൺഗ്രസ് പ്രവർത്തകർക്കും അൽപ്പം വിയർക്കേണ്ടി വന്നു. 

ചിലർ നേരിട്ട് വണ്ടിയിലൊഴിക്കുകും മറ്റു ചിലർ കുപ്പിയോടെ കൈവശപ്പെടുത്തുകയും ചെയ്തു. ചൂടപ്പം പോലെയാണ് എല്ലാകുപ്പികളും വിറ്റഴിഞ്ഞത്. ഇരുചക്രവാഹനങ്ങൾ കുതിച്ചെത്തിയോടെ അൽപ്പം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. നൂറോളം പേർക്ക് 44.52 രൂപക്ക് ഇന്ധനം നൽകിയെന്ന് കോൺഗ്രസ് വൃത്തങ്ങൾ അവകാശപ്പെട്ടു. 

മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നികുതി രഹിത നീതി പെട്രോൾ പമ്പിന്റെ ഉദ്ഘാടനം കെ പി സി സി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് നിർവഹിച്ചു.'രാജ്യത്ത് ഇന്ധന വില വർദ്ധനവില്ല... ജനം അനുഭവിക്കുന്നത് നികുതി ഭീകരത ...!' എന്ന പ്രമേയത്തിലാണ് 'സമരം' നടത്തിയത്.

Follow Us:
Download App:
  • android
  • ios