തമിഴ്നാട്ടിലെ പമ്പിൽ നിന്നും കേരളത്തിലെ കിണറുകളിലേക്ക് പെട്രോൾ ഒഴുകുന്നു, കുടിവെള്ളം മുട്ടിയതോടെ  പ്രതിഷേധം

തിരുവനന്തപുരം: പനച്ചമൂട് പുലിയൂര്‍ശാലയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പിന് എതിര്‍വശത്തുള്ള വീടുകളിലെ കിണറുകളിലെ കുടിവെള്ളത്തിൽ പെട്രോൾ സാന്നിധ്യമെന്ന് പരാതി. കേരള-തമിഴ്നാട് അതിർത്തി പ്രദേശത്തായി സ്ഥിതി ചെയ്യുന്ന പമ്പിന്‍റെ സമീപത്ത് താമസിക്കുന്ന നാല് വീടുകളിലെ കിണറുകളിലാണ് ഇന്നലെ രാവിലെ മുതൽ പെട്രോൾ കലർന്ന നിലയിൽ കാണപ്പെട്ടത്. 

വെള്ളത്തിൽ പെട്രോളിന്‍റെ രൂക്ഷമായ ഗന്ധവുമുണ്ട്. വെള്ളത്തില്‍ തീപ്പെട്ടി തിരി കത്തിച്ചിട്ടപ്പോള്‍ തീ ആളിപടരുകയാണ്. പുലിയൂര്‍ശാലയിലെ സുകുമാരന്‍, അബ്ദുല്‍ റഹ്മാന്‍, ഗോപി, ബിനു എന്നിവരുടെ വീടുകളിലെ കിണറുകളിലാണ് പെട്രോൾ കലർന്നത്. നാട്ടുകാർ വെള്ളറട പൊലീസിനെയും പാറശാല ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെയും വെള്ളറട ഹെല്‍ത്ത് അധികൃതരെയും വിവരം അറിയിച്ചു. ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു മടങ്ങി. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് പമ്പുടമ ചോര്‍ച്ച കണ്ടുപിടിക്കുന്നതിനുള്ള ശ്രമങ്ങൾ‌ ആരംഭിച്ചു. 

അതേസമയം, പമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലം തമിഴ്നാട് പരിധിയിലായതിനാൽ നടപടിയെടുക്കുന്നതിന് പരിധിയുണ്ടെന്നാണ് അധികൃതരുടെ നിലപാട്. കുടിവെള്ളം മലിനമായ നാല് വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈന്‍ സംവിധാനം അടിയന്തരമായി സ്ഥാപിച്ച് നല്‍കി അവരുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

'ബാങ്കിന് അടുത്ത വീട്ടിലെ മാന്യൻ', ജീവനക്കാർ പോലും വിശ്വസിച്ചുപോയി; യുവാവ് ബാങ്കിൽ പണയം നൽകിയത് മുക്കുപണ്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം