പെട്ടിമുടിയിൽ മരിച്ച ബന്ധുക്കൾക്കായി ഏർപ്പെടുത്തിയ ക്ഷേത്ര ആചാരങ്ങൾ പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽ (Pettimudi Tragedy) നിന്ന് രക്ഷപ്പെട്ട തോട്ടം തൊഴിലാളി ഓട്ടോ അപകടത്തിൽ മരിച്ചു. മൂന്നാർ (Munnar) കടലാർ എസ്റ്റേറ്റിൽ ബോസ് (60) ആണ് മരിച്ചത്. പെട്ടിമുടിയിൽ മരിച്ച ബന്ധുക്കൾക്കായി ഏർപ്പെടുത്തിയ ക്ഷേത്ര ആചാരങ്ങൾ പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
സംസ്ഥാനം കണ്ട ഏറ്റവും വലിയ മണ്ണിടിച്ചൽ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ബോസ് രക്ഷപ്പെട്ടത്. പെട്ടിമുടി അപകടത്തിൽപ്പെട്ടവർക്കായി ക്ഷേത്ര ഭാരവാഹികൾ ക്ഷേത്രത്തിൽ ആചാര അനുഷ്ടാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിൽ പങ്കെടുക്കുവാനാണ് വീട്ടുകാർക്കൊപ്പം ബോസ് എത്തിയത്.
വൈകുന്നേരത്തോടെ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങവെ നയമക്കാട്ടിൽ വെച്ച് ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ മാരകമായി പരിക്കേറ്റ ബോസിനെ ഓടികൂടിയവർ മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. പെട്ടിമുടി അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ബോസിനെയും കുടുംബത്തെയും കടലാർ എസ്റ്റേറ്റിലേക്കാണ് കമ്പനി മാറ്റിയത്. അവിടെ തൊഴിൽ ചെയ്ത അദ്ദേഹം അപകടത്തിനുശേഷം ആദ്യമായാണ് പെട്ടിമുടിയിലെത്തിയത്.
