കോഴിക്കോട് മുക്കത്ത് ട്രാഫിക് പൊലീസിന്‍റേതെന്ന പേരിൽ വന്ന വ്യാജ വാട്‌സാപ്പ് സന്ദേശത്തിലൂടെ വ്യാപാരിയുടെ ഫോൺ ഹാക്ക് ചെയ്തു. ഫൈൻ അടക്കാനെന്ന പേരിൽ ലിങ്ക് വഴി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യിച്ചായിരുന്നു തട്ടിപ്പ്.
കോഴിക്കോട്: മുക്കത്ത് ട്രാഫിക് പൊലീസിന്‍റെ പേരില്‍ വ്യാജ സന്ദേശമയച്ച് വ്യാപാരിയുടെ ഫോണ്‍ ഹാക്ക് ചെയ്തതായി പരാതി. കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് സ്വദേശി പൊലുകുന്നത്ത് റഷീദിന്‍റെ ഫോണാണ് ഹാക്ക് ചെയ്യപ്പെട്ടത്. പന്നിക്കോട് കെ കെ കൂള്‍ബാര്‍, അല്‍മൗണ്ട് ഹോട്ട് ആന്‍റ് കൂള്‍ എന്നീ സ്ഥാപനങ്ങള്‍ നടത്തുന്നയാളാണ് റഷീദ്.
കഴിഞ്ഞ ദിവസം രാവിലെയാണ് റഷീദിന്‍റെ ജിയോ സിമ്മിലുള്ള വാട്‌സാപ് നമ്പറിലേക്ക് ശബ്ദ സന്ദേശവും ഒപ്പം ഒരു ആപ്ലിക്കേഷന്‍റെ ലിങ്കും എത്തിയത്. വാഹനത്തിന്‍റെ ഫൈന്‍ സംബന്ധമായ ട്രാഫിക്ക് പൊലീസിന്‍റെ പേരിലുള്ള സന്ദേശമായിരുന്നു അത്. തന്‍റെ വാഹനത്തിന് ഫൈന്‍ നിലവിലുള്ളതിനാല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നുവെന്ന് റഷീദ് പറഞ്ഞു. തുടര്‍ന്ന് ആധാര്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്തതോടെ ഫോണ്‍ മറ്റാരുടേയോ നിയന്ത്രണത്തിലായി.
അപകടം മനസ്സിലാക്കിയ ഉടന്‍ തന്നെ അക്കൗണ്ടിലെ പണം മാറ്റിയതിനാല്‍ സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല. എന്നാല്‍ റഷീദിന്റെ ഫോണില്‍ നിന്ന് നാട്ടിലെ ഗ്രൂപ്പുകളിലേക്കും ഫോണില്‍ സേവ് ചെയ്ത നമ്പറുകളിലക്കും ഈ മെസേജ് പോയതോടെ മറ്റ് നിരവധി പേരുടെ ഫോണും ഹാക്ക് ചെയ്യപ്പെട്ടതായി സംശയമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് റഷീദ് മുക്കം പൊലീസില്‍ പരാതി നല്‍കി.


