കോഴിക്കോട്: പ്രളയം ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ പ്രമേയമാക്കി കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ഫോട്ടോ പ്രദർശനം. ലളിതകലാ അക്കാദമി ഹാളിൽ നടക്കുന്ന പ്രദർശനത്തിൽ ജില്ലയിലെ ഫോട്ടോ ജേർണലിസ്റ്റുകൾ പകർത്തിയ 80 ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ദുരിതം, അതിജീവനം, പ്രതീക്ഷകൾ എല്ലാം ഈ ഫോട്ടോകളിലുണ്ട്. ഒപ്പം കൗതുക കാഴ്ചകളും. പ്രളയം, പരിസ്ഥിതി, അഡ്വഞ്ചർ ടൂറിസം, രാഷ്ട്രീയം എന്നീ പ്രമേയങ്ങളിലുള്ള 80 ചിത്രങ്ങളാണ് ബിയോണ്ട് ദി വേർഡ്സ് എന്ന ഫോട്ടോ പ്രദർശനത്തിലുളളത്. കലിക്കറ്റ് ഫോട്ടോ ജേണലിസ്റ്റ് ഫോറവും കലിക്കറ്റ് പ്രസ് ക്ലബും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും സഹകരിച്ചാണ് പ്രദർശനം. സെപ്തംബർ ഒന്നിന് പ്രദർശനം അവസാനിക്കും.