10 ലക്ഷം രൂപാ വീതം മുദ്രാ ലോൺ തരപ്പെടുത്തി നൽകാം എന്ന് വാഗ്ദാനം ചെയ്ത് സുഹൃത്തുക്കളെയും പരാതിക്കാരിക്ക് പരിചയപെടുത്തിയ മഹേഷ് പ്രധാനമന്ത്രിക്കൊപ്പമുള്ള ഫോട്ടോഷോപ്പ് ചിത്രങ്ങളും വ്യാജരേഖകളും കാണിച്ചാണ് തട്ടിപ്പ് നടത്തിയത്.
തിരുവനന്തപുരം: മുദ്രാ വായ്പയുടെ നടപടികൾ പൂർത്തിയാക്കി വായ്പ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമിച്ച യുവാവിനെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. മുദ്രാ ലോൺ ഉറപ്പ് നൽകി എഴു പേരിൽ നിന്നായി പണം തട്ടിയെടുക്കുകയും സ്ത്രീയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തെന്ന പരാതിയിലാണ് കൈമനം സ്വദേശി മഹേഷി(39)നെ പൊലീസ് അറസ്റ്റ് ചെയ്തത്.
10 ലക്ഷം രൂപാ വീതം മുദ്രാ ലോൺ തരപ്പെടുത്തി നൽകാം എന്ന് വാഗ്ദാനം ചെയ്ത് സുഹൃത്തുക്കളെയും പരാതിക്കാരിക്ക് പരിചയപെടുത്തിയ മഹേഷ് പ്രധാനമന്ത്രിക്കൊപ്പമുള്ള ഫോട്ടോഷോപ്പ് ചിത്രങ്ങളും വ്യാജരേഖകളും കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരിയെ കൂടാതെ ഇവരുടെ ആറ് ബന്ധുക്കളുടെ പക്കൽ നിന്നുമായി കഴിഞ്ഞ ജൂൺ-ജൂലൈ മാസ കാലയളവിലായി 1.30 ലക്ഷം രൂപയും ഇയാൾ ഗൂഗിൾ പേ വഴിയും പണമായും കൈക്കലാക്കുകയും ചെയ്തു.
പലയാവർത്തി വായ്പയുടെ കാര്യം സംസാരിച്ചെങ്കിലും വായ്പ നൽകണമെങ്കിൽ പരാതിക്കാരി മഹേഷിനൊപ്പം കഴിയണമെന്നും ആവശ്യപ്പെട്ടതോടെയാണ് ഇവർ പരാതിയിലേക്ക് നീങ്ങിയത്. കാട്ടാക്കട പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സമാനമായ തട്ടിപ്പ് പ്രതി കൂടുതൽ നടത്തിയിട്ടുണ്ടോ എന്ന അന്വേഷണവും നടക്കുന്നുണ്ട്.
