പെസഹാ വ്യാഴം, ദുഃഖ വെള്ളി, ഈസ്റ്റർ ദിനങ്ങളിലെ പ്രത്യേക തിരുകർമങ്ങളുടെ സമയക്രമം നിശ്ചയിക്കുകയും, തീർഥാടകർക്കായി ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മലയാറ്റൂർ: വിശുദ്ധ വാരത്തോടനുബന്ധിച്ച് മലയാറ്റൂരിലേക്ക് വിശ്വാസികളുടെ ഒഴുക്ക് ദിനംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പെസഹാ വ്യാഴത്തിന് രാവിലെ താഴത്തെ പള്ളിയിൽ കാൽ കഴുകൽ ശുശ്രൂഷ നടത്തി. വൈകിട്ട് 4ന് കാൽ കഴുകൽ നേർച്ച ശുശ്രൂഷയും, 7 മുതൽ 8 വരെ പൊതു ആരാധനയും, തിരുമണിക്കൂർ അപ്പം മുറിക്കൽ ശുശ്രൂഷയും നടത്തി. കുരിശുമുടിയിൽ രാവിലെ 7ന് കാൽകഴുകൽ ശുശ്രൂഷയ്ക്ക് ഫാ. ആനി നടുവത്തുശ്ശേരി നേതൃത്വം നൽകി.

Add Asianetnews as a Preferred SourcegooglePreferred

ദുഃഖ വെള്ളിയാഴ്ച രാവിലെ 6.30ന് പീഡാനുഭവ തിരുകർമങ്ങൾ നടക്കും. തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ഫാ. മനോജ് വർഗീസ് വചന സന്ദേശം നൽകും. രാവിലെ 7ന് പീഡാനുഭവ തിരു കർമങ്ങൾക്കും ഉച്ചയ്ക്ക് 3ന് വിശുദ്ധ കുരിശിന്റെ വഴിക്കും കുരിശുമുടി അടിവാരത്തിലേക്ക് വിലാപ യാത്രയും നടക്കും. വിവിധ ശുശ്രൂഷകൾക്ക് ഫാ. മാർട്ടിൻ കല്ലുങ്കൽ, ഫാ. ജയിംസ് തുരുത്തിക്കര, ഫാ. തോമസ് നളിമാലിയിൽ, ഫാ. ജോസ് വടക്കൻ എന്നിവർ നേതൃത്വം നൽകും.

വലിയ ശനിയാഴ്ച രാവിലെ 7ന് മാമ്മോദീസ വ്രതനവീകരണം, വെള്ളം വെഞ്ചരിപ്പ്, വിശുദ്ധ കുർബാന എന്നിവ നടക്കും. രാത്രി 10.30ന് ഉയിർപ്പ് തിരുകർമങ്ങൾ ആരംഭിക്കും. ഞായറാഴ്ച രാവിലെ 5.30നും 7നും വിശുദ്ധ കുർബാന ഉണ്ടാകും. കൂടാതെ രാവിലെ 3, 5.30, 7.30, 9.30 എന്നീ സമയങ്ങളിലും കുർബാനകൾ നടക്കും.

ആയിരക്കണക്കിന് തീർഥാടകർ എത്തുന്ന സാഹചര്യത്തിൽ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. തിരക്കേറിയ ദിനങ്ങളെ മുന്നിൽ കണ്ട് സെയ്ന്റ് തോമസ് പള്ളിയും കുരിശുമുടിയും പ്രത്യേക ഒരുക്കങ്ങളോടെയാണ് തീർഥാടകർക്കായി തയ്യാറായിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കി; കൂടുതൽ ഇടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം വർധിപ്പിച്ചിട്ടുണ്ട്