ആലപ്പുഴ: ഭർതൃവീട്ടുകാരുടെ പീഡനം മൂലം വീട്ടുതടങ്കലിൽ നിന്ന് പിങ്ക് പൊലീസ് മോചിപ്പിച്ച യുവതിയെ ഗുരുതരാവസ്ഥയിൽ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുനക്കര ലക്ഷം വീട് കോളനിയിൽ കുഞ്ഞുമോൻ-സജീദ ദമ്പതികളുടെ മകൾ നിഷ (26)യെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിഷയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്. 

ഈ മാസം പത്തിനാണ് നിഷയും മക്കളും വീട്ടുതടങ്കലിലാണെന്ന വിവരം മാതാപിതാക്കൾ അറിയുന്നത്. ഉടൻ തന്നെ ചില സാമൂഹ്യ പ്രവർത്തകൾ മുഖേന പൊലീസിന്റെ എമർജൻസി നമ്പറിൽ ബന്ധപ്പെടുകയും കൊട്ടാരക്കരയിൽ നിന്നെത്തിയ പിങ്ക് പൊലീസിന്റെ സഹായത്തോടെ നിഷയേയും, ഒന്നും എട്ടും വയസുള്ള കുട്ടികളേയും രക്ഷപ്പെടുത്തുകയുമായിരുന്നു. തുടർന്ന് യുവതിയുടെ മാതാപിതാക്കൾ എത്തി മൂന്നു പേരെയും ചുനക്കരയിലുള്ള വാടക വീട്ടിലേക്ക് കൊണ്ടുപോയി. 

കഴിഞ്ഞ ഒരാഴ്ചയായി തന്നെയും കുട്ടികളേയും ഭക്ഷണം പോലും താരാതെ ഭർത്താവും, ഭർതൃമാതാവും ചേർന്ന് നിരന്തരം മർദ്ദിക്കുമായിരുന്നെന്ന് പൊലീസിന് നൽകിയ മൊഴിയിൽ നിഷ പറയുന്നു. സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. നാട്ടുകാരുടെ കാരുണ്യത്തിലാണ് നിഷയുടെ അന്ധനായ പിതാവും മാതാവും കഴിയുന്നത്. ഇക്കാരണത്തിലാണ് നിഷ മാതാപിതാക്കളെ വിവരം പലപ്പോഴും അറിയിക്കാതിരുന്നത്. എന്നിരുന്നാലും പല സമയങ്ങളിലും മാതാപിതാക്കൾ ആഹാരവും മറ്റ് അവശ്യ സാധനങ്ങളും മാവേലിക്കരയിൽ നിന്നും എത്തിച്ചു കൊടുത്തിരുന്നു. 

ഇങ്ങനെ എത്തിച്ചു കൊടുക്കുന്നതിൽ എതിർപ്പുള്ള ഭർതൃവീട്ടുകാർ പലപ്പോഴും അന്ധനായ പിതാവിനേയും, മാതാവിനേയും ക്രൂരമായി മർദ്ദിച്ചിരുന്നതായും പറയപ്പെടുന്നു. കുട്ടികൾക്ക് വെള്ളം പോലും കൊടുക്കാതെ മുറിയിൽ പൂട്ടിയിടുമായിരുന്നു. ഇതു സംബന്ധിച്ച് നിരവധി പരാതികൾ നിഷയും പിതാവും വിവിധ ഏജൻസികൾക്ക് നൽകിയിട്ടുമുണ്ട്.