ഇലക്ഷൻ പ്രമാണിച്ച് ‌ഇന്ന് വൈകുന്നേരം മുതൽ മദ്യശാലകൾ അവധിയായതിനാൽ വരും ദിവസങ്ങളിൽ വില്പനക്കായി മുൻകൂട്ടി മദ്യം വാങ്ങിശേഖരിച്ചതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ 30 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്ത് എക്സൈസ്. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്സൈസ് ഇൻസ്‌പെക്ടർ വി.അനിൽ കുമാറിന്‍റെ നേതൃത്വത്തിൽ നന്ദിയോട് ചൂടൽ ഭാഗത്ത് ഇന്ന് നടത്തിയ തിരച്ചിലിൽ റബ്ബർ തോട്ടത്തിനിടയിലെ പുരയിടത്തിൽ നിന്നാണ് ചാക്കിൽ ഒളിപ്പിച്ചിരുന്ന അര ലിറ്ററിന്‍റെ 30 കുപ്പി മദ്യം പിടിച്ചെടുത്തത്. ഇലക്ഷൻ പ്രമാണിച്ച് ‌ഇന്ന് വൈകുന്നേരം മുതൽ മദ്യശാലകൾ അവധിയായതിനാൽ വരും ദിവസങ്ങളിൽ വില്പനക്കായി മുൻകൂട്ടി മദ്യം വാങ്ങിശേഖരിച്ചതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ‌ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. മദ്യം ഒളിപ്പിച്ച ആളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടൻ പിടികൂടുമെന്നും ഇത്തരത്തിലുള്ള പരിശോധനകൾ ശക്തമായി തുടരുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.