അഞ്ചല്‍ : കൊവിഡ് മാനദണ്ഡം പാലിക്കാതെ കാഴ്ചകാണാനെത്തിയവര്‍ക്ക് പിഴയിട്ട് പൊലീസ്. കൊല്ലം ചേറ്റുകുഴി പിനാക്കിള്‍ വ്യൂപോയിന്‍റിലാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ ആളുകള്‍ കാഴ്ച കാണാനെത്തിയത്. ഈ മേഖലയില്‍ ആളുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടം കൂടരുതെന്ന് നിര്‍ദ്ദേശങ്ങള്‍ കൊടുത്തിരുന്നുവെന്നും എഴുതി ഒട്ടിച്ച നിര്‍ദേശങ്ങള്‍ ആളുകള്‍ നശിപ്പിക്കുകയും ചെയ്തുവെന്നും പൊലീസ് പ്രതികരിക്കുന്നു.

റോഡ് അടച്ച് പൊലീസ് സന്ദര്‍ശകര്‍ക്ക് പിഴയിട്ടതോടെ പൊലീസ് പിഴയിനത്തില്‍ ലഭിച്ചത് ഒന്നേമുക്കാല്‍ ലക്ഷം രൂപയിലേറെ. ഞായറാഴ്ചയാണ് പിനാക്കിള്‍ വ്യൂപോയിന്‍റില്‍ നിരവധിയാളുകളെത്തിയത്. ഉയരമേറിയ ഭാഗത്ത് നിന്നാല്‍ ഈ ഭാഗത്തെ റബര്‍ തോട്ടങ്ങളില്‍ മഞ്ഞ് വീഴുന്നതും ദൂരെയുള്ള ദൃശ്യങ്ങള്‍ കാണാം. ഇത് കാണാന്‍ നിരവധിയാളുകളാണ് ഈ പ്രദേശത്ത് എത്താറ്. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു വാഹനങ്ങളില്‍ ആളുകളെത്തിയത്. കുട്ടികളെയും കൂട്ടിയാണ് സന്ദര്‍ശകരില്‍ പലരും എത്തിയതെന്നും പൊലീസ് പറയുന്നു. 

"

അരകിലോമീറ്റര്‍ ഇടുങ്ങിയ റോഡില്‍ ആളുകള്‍ നിറയുകയും വാഹനങ്ങള്‍ നിര്‍ത്തിയിടുകയും ചെയ്തതോടെ ഗതാഗതക്കുരുക്കും ഈ ഭാഗത്തുണ്ടായി. ആള്‍ക്കൂട്ടത്തേക്കുറിച്ച് വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെ വാഹനങ്ങളുമായി മുങ്ങാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കേസ് ആയി ഒന്നും എടുത്തിട്ടില്ലെന്നും പിഴയീടാക്കുകയാണ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. മുന്നൂറോളം പേരാണ് 90ഓളം വാഹനങ്ങളില്‍ എത്തിയത്. ഇതില്‍ 85 വാഹനങ്ങള്‍ക്കും 70 ആളുകള്‍ക്കും പിഴയിട്ടിട്ടുണ്ട്.