കോഴിക്കോട് മലാപ്പറമ്പ് - ചേവരമ്പലം റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി വലിയ ഗർത്തം രൂപപ്പെട്ടു

കോഴിക്കോട്: കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് തിരക്കേറിയ റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. കോഴിക്കോട് മലാപ്പറമ്പ് - ചേവരമ്പലം റോഡിലാണ് മധ്യഭാഗത്ത് തന്നെ വലിയ കുഴി രൂപപ്പെട്ടത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവമുണ്ടായത്. ശക്തമായ ജലപ്രവാഹത്തില്‍ റോഡിന്റെ പാതി ഭാഗം തകര്‍ന്നതിനാല്‍ സമീപത്തെ വീടുകളിലേക്ക് വെള്ളം ഒഴുകിയെത്തുന്ന സാഹചര്യമുണ്ടായി. കടകളിലും വെള്ളം കയറിയതായി പരാതിയുയര്‍ന്നു. അനുദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന റോഡാണിത്. വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടും വാഹനങ്ങള്‍ ഇതിന് വശങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. അപകട സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഗതാഗതം നിയന്ത്രിച്ച് എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

സൗദിയിൽ അതീവ ജാ​ഗ്രത നിർദേശം, വെള്ളിയാഴ്ച വരെ മഴ തുടരും

അതിനിടെ തിരുവനന്തപുരത്ത് നിന്നുള്ള മറ്റൊരു വാർത്ത നഗരത്തിലും പരിസര പ്രദേശങ്ങളിലും മാർച്ച് 26 മുതല്‍ 28 വരെ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി മുന്നറിയിപ്പ് നൽകിയതാണ്. വിവിധ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് മൂന്ന് ദിവസത്തോളം തിരുവനന്തപുരത്ത് കുടിവെള്ളം മുടങ്ങുന്നത്. 26.03.2025 തീയതി രാവിലെ 8 മണി മുതല്‍ 28.03.2025 തീയതി രാവിലെ 8 മണി വരെ കുടിവെള്ള വിതരണം ഉണ്ടായിരിക്കുന്നതല്ലെന്നാണ് അറിയിപ്പ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കാഞ്ഞിരംപാറ, പാങ്ങോട്‌, വട്ടിയൂര്‍ക്കാവ്‌, നെട്ടയം, കാച്ചാണി, കൊടുങ്ങാനൂര്‍, തിരുമല, വലിയവിള, പി ടി പി, വാഴോട്ടുകോണം, പുന്നയ്ക്കാമുകള്‍, തൃക്കണ്ണാപുരം, പൂജപ്പുര, ആറന്നൂര്‍, കരമന, മുടവന്‍മുകള്‍, നെടുംകാട്‌, കാലടി, പാപ്പനംകോട്‌, പൊന്നുമംഗലം, മേലാംകോട്‌, നേമം, എസ്റ്റേറ്റ്‌, പുത്തന്‍പള്ളി, വലിയതുറ, പൂന്തുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്‌, മാണിക്യവിളാകം. മുട്ടത്തറ, പുഞ്ചക്കരി, ആറന്നൂര്‍, തുരുത്തുംമൂല, അമ്പലത്തറ, എന്നീ കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും ഈ ദിവസങ്ങളിൽ കുടിവെള്ളം മുടങ്ങുമെന്നാണ് വാട്ടർ അതോറിറ്റിയുടെ മുന്നറിയിപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം