കാറിലിരുന്ന ഒരാള്‍ ചാടിയിറങ്ങി കൂടി നിന്ന ജനക്കൂട്ടത്തിനെ വെല്ലുവിളിക്കുകയും ആക്രമിക്കാന്‍ ഒരുങ്ങുകയും ചെയ്തതോടെ നാട്ടുകാര്‍ ഇയാളെ കീഴ്‌പ്പെടുത്തി. 

മാവേലിക്കര: അപകടകരമാം വിധം സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തിയപ്പോള്‍ കണ്ട തോക്ക് ഭീതിപരത്തി. മാവേലിക്കര ചെട്ടികുളങ്ങരയ്ക്ക് അടുത്ത് ക്ലോറൈഡ് ഫാക്ടറിയ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. 

പുന്നമൂട് ഭാഗത്തുനിന്നും വന്ന കെ എല്‍ 29 എല്‍.819 എന്ന മഹീന്ദ്ര എസ് യു വി 500 വാഹനമാണ് അപകടമുണ്ടാക്കും വിധം സഞ്ചരിച്ചത്. ഇത് കണ്ടു നിന്ന പ്രദേശവാസികള്‍ വാഹനം തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ കാറിലിരുന്ന ഒരാള്‍ ചാടിയിറങ്ങി കൂടി നിന്ന ജനക്കൂട്ടത്തിനെ വെല്ലുവിളിക്കുകയും ആക്രമിക്കാന്‍ ഒരുങ്ങുകയും ചെയ്തതോടെ നാട്ടുകാര്‍ ഇയാളെ കീഴ്‌പ്പെടുത്തി. 

തുടര്‍ന്ന് കാറിലിരുന്ന ആളെ നോക്കാനായി വാഹനത്തിനടുത്തേക്ക് ചെന്നപ്പോഴാണ് തോക്ക് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ തന്ന മാവേലിക്കര പോലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ മാവേലിക്കര എസ് ഐ ശ്രീജിത്ത്, എ എസ് ഐ. ടി ഡി അനുരുദ്ധന്‍ എന്നിവര്‍ ചേര്‍ന്ന് കാറിലുണ്ടായിരുന്ന കാര്‍ത്തികപള്ളി ചിങ്ങോലി സ്വദേശികളായ മാധവന്‍ ബ്രിജേഷ്(36), ധനല്‍കുമാര്‍(41) എന്നിവരെ പിടികൂടുകയായിരുന്നു. 

ഇവര്‍ സഞ്ചരിച്ച വാഹനവും കൈവശമുണ്ടായിരുന്ന തോക്കും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇവര്‍ മദ്യപിച്ചിരുന്നതായും ഇവരുടെ പക്കല്‍നിന്നും കണ്ടെത്തിയത് എയര്‍പിസ്റ്റലാണെന്നും പൊലീസ് അറിയിച്ചു. വാഹനത്തില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.