പാലക്കാട് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തില്‍  പി.കെ.ശശി വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടെടുത്ത സംസ്ഥാന സെക്രട്ടറി എം.സുരാജിന് വിമര്‍ശനം.

പാലക്കാട്: പാലക്കാട് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തില്‍ പി.കെ.ശശി വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടെടുത്ത സംസ്ഥാന സെക്രട്ടറി എം.സുരാജിന് വിമര്‍ശനം. ജില്ലാ സമ്മേളനത്തില്‍ എന്ത് ചര്‍ച്ച ചെയ്യണം എന്ന് തീരുമാനിക്കുന്നത് സംസ്ഥാന കമ്മറ്റിയല്ലായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. പി.കെ.ശശിക്കെതിരായ വനിതാ നേതാവിന്‍റെ പരാതിയില്‍ ജില്ലാ നേതൃത്വം വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്നും വിമര്‍ശനവും ഉയര്‍ന്നു. 

പി.കെ.ശശിക്കെതിരെയുള്ള വനിതാ നേതാവിന്‍റെ പരാതിയെക്കുറിച്ചന്വേഷിക്കുന്ന എ.കെ.ബാലനും ആരോപണ വിധേയനായ പി.കെ.ശശിയും സിപിഐ വിട്ട് സിപിഎമ്മിലേക്ക് വരുന്ന പ്രവർത്തകർക്കായി മണ്ണാർക്കാട്ട് സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ വേദി പങ്കിട്ടത് പാര്‍ട്ടിയില്‍ ഏറെ അസ്വാരസ്യങ്ങളാണ് ഉണ്ടാക്കിയത്. 

ഇതിന് പുറകേയാണ് പാലക്കാട് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാട് എം.സ്വരാജ് എടുത്തത്. പാലക്കാട് ഡിവൈഎഫ്ഐയുടെ വനിതാ നേതാവാണ് പി.കെ.ശശി എംഎല്‍എയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

പരാതിക്കാരിക്ക് സംഘടനയുടെ നേതൃനിരയില്‍ നിന്ന് പോലും നിതീ ലഭിക്കില്ലെന്ന സ്ഥിതിവിശേഷം പാര്‍ട്ടിയില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായേക്കാം. അടുത്ത മാസം ഷൊറണൂരിൽ നടക്കുന്ന കാൽനട പ്രചരണ ജാഥയിൽ പി കെ ശശി ക്യാപ്റ്റനാവുന്നതിനെതിരെ ഇപ്പോൾത്തന്നെ പ്രവർത്തകർ എതിർപ്പുന്നയിച്ചിട്ടുണ്ട്.