ആലപ്പുഴ നഗരമധ്യത്തിൽ കാർ യാത്രികനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി സ്വർണമാലയും പണവും കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. പൊലീസിൻ്റെ ഗുണ്ടാപട്ടികയിൽ ഉൾപ്പെട്ട ഉദീഷ്, രാജീവ് എന്നിവരാണ് പിടിയിലായത്. ഇരുവരെയും റിമാൻ്റ് ചെയ്തു
ആലപ്പുഴ: നഗരമധ്യത്തിൽ കാർ യാത്രികനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി കൊള്ളയടിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് ഒക്കലയിൽ വീട്ടിൽ ഉദീഷ് (26), ആര്യാട് പുതുവൽ വടക്കേവെളി വീട്ടിൽ രാജീവ് (41) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 15-ാം തീയതി രാത്രി വൈഎംസിഎ ജംഗ്ഷന് സമീപമായിരുന്നു സംഭവം. ടൗണിൽ സാധനങ്ങൾ വാങ്ങാനെത്തിയ സ്റ്റേഡിയം വാർഡ് സ്വദേശി സുനിൽകുമാറിനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി സ്വർണമാലയും പണവും പ്രതികൾ കവർന്നിരുന്നു. പൊലീസിൻ്റെ ഗുണ്ടാപട്ടികയിൽപെട്ടവരാണ് പ്രതികൾ.
സുനിൽകുമാറിനെ തടഞ്ഞുനിർത്തി ആദ്യം പണം ആവശ്യപ്പെട്ട പ്രതികൾ, അത് നൽകാതിരുന്നതോടെ ആക്രമിച്ചു. പിന്നീട് സുനിൽകുമാറിന്റെ സ്വർണ്ണമാല പൊട്ടിച്ചെടുത്തു. മാല തിരികെ കിട്ടാനായി ഭയന്നുപോയ സുനിൽകുമാർ കൈവശമുണ്ടായിരുന്ന 7000 രൂപ പ്രതികൾക്ക് നൽകി. പണം കിട്ടിയ ശേഷമാണ് അക്രമികൾ മാല തിരികെ നൽകാൻ തയ്യാറായത്. തുടർന്ന് സുനിൽകുമാർ നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അറസ്റ്റിലായ ഉദീഷ് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ കേസിലെ പ്രതിയുമാണ്. രാജീവും സമാനമായ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. മറ്റൊരു കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പ്രതികൾ വീണ്ടും കുറ്റകൃത്യം നടത്തിയത്. ആലപ്പുഴ നോർത്ത് പോലീസ് ഇൻസ്പെക്ടർ എസ്എച്ച്ഒ എംകെ രാജേഷും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


