Asianet News MalayalamAsianet News Malayalam

കുടിവെളള പ്രശ്നവും പ്ലാച്ചിമട ട്രിബ്യൂണൽ ബില്ലും; തെരഞ്ഞെടുപ്പിൽ കാണാമെന്ന് പ്ലാച്ചിമടക്കാർ

പ്ലാച്ചിമട സ്ഥിതിചെയ്യുന്ന പെരുമാട്ടി പ‍ഞ്ചായത്തിൽ ഭരിക്കുന്നത് ഇടതുമുന്നണിയാണെങ്കിലും, ട്രിബ്യൂണൽ ബിൽ പ്രശ്നത്തിൽ സർക്കാരിനെതിരാണ് പഞ്ചായത്തും!..

plachimada tribunal bill and water shortage again discussed in alathur related with loksabha election
Author
Alathur, First Published Mar 6, 2019, 5:07 PM IST

ആലത്തൂർ: ആലത്തൂർ മണ്ഡലത്തിൽ ഇക്കുറി പ്രധാന ചർച്ച പ്ലാച്ചിമട ട്രിബ്യൂണൽ ബില്ല് തന്നെയാണ്. രാഷ്ട്രപതി മടക്കിയ ബില്ലിൻമേൽ സംസ്ഥാനം വ്യക്തത വരുത്താത്തതും നഷ്ടപരിഹാരം നൽകാത്തതും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പ്ലാച്ചിമടക്കാർ പറയുന്നു.

ആലത്തൂർ മണ്ഡലത്തിലെ കിഴക്കൻ പ്രദേശമാണ് പ്ലാച്ചിമട. കുടിവെളള പ്രശ്നത്തിനൊപ്പം തന്നെ ഇവിടെ ഇപ്പോഴും ട്രിബ്യൂണൽ ബിൽ തന്നെയാണ് പ്രധാന ചർച്ച. കൊക്കക്കോള കമ്പനി ജലചൂഷണം നടത്തുന്നെന്ന പരാതിയെത്തുടർന്ന്, 2009ൽ സംസ്ഥാന സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയിൽ തെളിവെടുപ്പ് നടത്തി. പ്രദേശവസികൾക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കമ്പനിയിൽ നിന്നും ഈടാക്കാമെന്ന് റിപ്പോർട്ടും നൽകി. 

2011ൽ നിയമസഭ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ല് പാസ്സാക്കി രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കുകയും ചെയ്തു. എന്നാൽ, വ്യക്തതക്കുറവിന്‍റെ പേരിൽ ബില്ല് മടക്കി. സംസ്ഥാന സർക്കാർ ഇതിന് വിശദീകരണം നൽകിയെങ്കിലും ഒന്നുമായില്ല. വീണ്ടും ഒരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ പ്രതിഷേധം ശക്തമാക്കുകയാണ് പ്ലാച്ചിമടക്കാർ.

പ്ലാച്ചിമട സ്ഥിതിചെയ്യുന്ന പെരുമാട്ടി പ‍ഞ്ചായത്തിൽ ഭരിക്കുന്നത് ഇടതുമുന്നണിയാണെങ്കിലും, ട്രിബ്യൂണൽ ബിൽ പ്രശ്നത്തിൽ സർക്കാരിനെതിരാണ് പഞ്ചായത്തും. ഈ സാഹചര്യത്തിലാണ് പെരുമാട്ടിയിലേയും സമീപ പ്രദേശങ്ങളിലെയും ആളുകളെ അണിനിരത്തി സമരസമിതി പ്രതിഷേധത്തിനിറങ്ങുന്നത്. കുടിവെളളപ്രശ്നമുയർത്തി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ചിറ്റൂരിലെ ആർ ബി സി കൂട്ടായ്മ നോട്ടക്ക് നൽകിയത് 21,417 വോട്ട്. ഇതിനേക്കാളേറെ, പ്ലാച്ചിമടയിൽ പ്രതിഷേധമുയരുമെന്നാണ് ഇവരുടെ പക്ഷം.

Follow Us:
Download App:
  • android
  • ios