കടലിന്‍റെ അടിത്തട്ടില്‍ അടിഞ്ഞ് കൂടി കിടക്കുന്ന പ്ലാസ്റ്റിക് നിർമാർജ്ജനം ചെയ്യുന്ന ശുചിത്വ സാഗരം പദ്ധതി കൊല്ലം നീണ്ടകരയില്‍ തുടങ്ങിയിട്ട് രണ്ട് വർഷം പിന്നിടുന്നു. 

കൊല്ലം: കടലിന്‍റെ അടിത്തട്ടില്‍ അടിഞ്ഞ് കൂടി കിടക്കുന്ന പ്ലാസ്റ്റിക് നിർമാർജ്ജനം ചെയ്യുന്ന ശുചിത്വ സാഗരം പദ്ധതി കൊല്ലം നീണ്ടകരയില്‍ തുടങ്ങിയിട്ട് രണ്ട് വർഷം പിന്നിടുന്നു. ഇതുവരെ കടലില്‍ നിന്നും അൻപതിനായിരം കിലോപ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരിച്ചത്.

ട്രോളിങ്ങ് നിരോധനത്തിന് ശേഷം മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയെത്തിയ ബോട്ടുകളില്‍ നിന്നുള്ള കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. വലനിറയെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍. ഇത് കടലിലെ ആവാസ വ്യവസ്ഥക്ക് ഭീഷണിയാകുമെന്ന് തിരച്ചറിഞ്ഞതോടെയാണ് തുറമുഖ വകുപ്പും ബോട്ട് ഓണേഴ്സ് അസോസിയേഷനും ഉള്‍പ്പടെ വിവിധ സംഘടനകള്‍ കൈകോർത്തത്. 

കടലിനെ പ്ലാസ്റ്റിക് വിമുക്തമാക്കാൻ കേരളത്തില്‍ ആദ്യമായി ശുചിത്വ സാഗരം എന്ന പദ്ധതിക്ക് രൂപം നല്‍കി. രണ്ട് വർഷത്തിനിടയ്ക്ക് മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ നിന്നും ശേഖരിച്ചത് 55,000 കിലോഗ്രാം പ്ലാറ്റിക് മാലിന്യം. ഇത് കരയിലെത്തിച്ച് കഴുകി വൃത്തിയാക്കി പൊടിച്ച് റോഡ് നിർമ്മാണത്തിന് നല്‍കിയും തുടങ്ങി. നീണ്ടകര തുറമുഖത്തിന് സമീപത്താണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിനില്‍ ചേർക്കാൻ പാകത്തില്‍ 26000കിലോ പ്ലാസ്റ്റിക് തയ്യാറായി കഴിഞ്ഞു. 26 സ്ത്രികള്‍ ഈ റിസൈക്ലിങ്ങ് യൂണിറ്റില്‍ ജോലി നോക്കുന്നു ഇവർക്ക് പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുറമുഖ വകുപ്പാണ് ശമ്പളം നല്‍കുന്നത്. പരിക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഈ പദ്ധതി കേരളത്തില്‍ വ്യാപകമാക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്.