മുന്‍വര്‍ഷങ്ങളില്‍ പ്രവേശനം ലഭിക്കാത്തവരെ കൂടി ചേര്‍ക്കുമ്പോള്‍ സീറ്റ് ലഭിക്കാത്ത കുട്ടികളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാം.
കല്‍പ്പറ്റ: ഇതര ജില്ലകളില്‍ പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കവെ ആവശ്യത്തിന് സീറ്റില്ലാതെ വയനാട്ടിലെ കുട്ടികള്‍ പ്രതിസന്ധിയില്‍. 2009 പട്ടികവര്‍ഗ വിദ്യാര്‍ഥികളാണ് ജില്ലയില്‍ പ്ലസ് വണ്‍ പഠനത്തിന് യോഗ്യത നേടിയിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്കായി നീക്കിവെച്ച സീറ്റുകളാകട്ടെ ആകെ 692 എണ്ണം മാത്രമാണ്. ഫലത്തില്‍ 1317 കുട്ടികള്‍ പുറത്താകുന്ന അവസ്ഥയാണ്. മുന്‍വര്‍ഷങ്ങളില്‍ പ്രവേശനം ലഭിക്കാത്തവരെ കൂടി ചേര്‍ക്കുമ്പോള്‍ സീറ്റ് ലഭിക്കാത്ത കുട്ടികളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാം.
കാട്ടുനായ്ക്ക, പണിയ, അടിയ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളുടെ ഭാവി ഇതോടെ ഇരുളടയും. മുന്‍വിവരങ്ങള്‍ പ്രകാരം പട്ടികവര്‍ഗ വിഭാഗക്കാരായ വിദ്യാര്‍ഥികളില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്നത്. ബാക്കിയുള്ളവരാകട്ടെ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകള്‍ തെരഞ്ഞെടുക്കുന്നവരാണ്. വീട്ടിലെ സാഹചര്യങ്ങളും സയന്‍സ് ഗ്രൂപ്പെടുത്താല്‍ വരുന്ന അനുബന്ധ ചെലവുകളും മിടുക്കരായ ചില വിദ്യാര്‍ഥികളെയെങ്കിലും സയന്‍സ് വിഷയങ്ങളില്‍ ഉന്നത പഠനം നടത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്.
എന്നാല്‍ ഉപരിപഠന യോഗ്യത നേടിയ ഭൂരിഭാഗം വിദ്യാര്‍ഥികളും ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പ് എടുത്ത് പഠിക്കാമെന്ന് വെച്ചാല്‍ അത്രയും സീറ്റുകള്‍ ജില്ലയില്‍ ഇല്ല എന്നതാണ് യാഥാര്‍ഥ്യം. ഹ്യൂമാനിറ്റീസില്‍ 192 സീറ്റും കൊമേഴ്‌സിന് 188 സീറ്റുകളുമാണ് ഈ വിഭാഗത്തിനായി നീക്കിവെച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തര ശ്രദ്ധ ഉണ്ടായില്ലെങ്കില്‍ നൂറുകണക്കിന് കുട്ടികളുടെ പഠനം മുടങ്ങും.
11,077 കുട്ടികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ ജയിച്ചത്. ജില്ലയിലെ 60 ഹയര്‍ സെക്കന്‍ഡറികളിലായി 8650 പ്ലസ് വണ്‍ സീറ്റുകളാണ് ആകെയുള്ളത്. പത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറികളിലായി 675 സീറ്റും മൂന്ന് ഐ.ടി.ഐ.കളിലായി 350 സീറ്റുകളുമുണ്ട്. ഇവയില്‍ പട്ടികവര്‍ഗ വിഭാഗത്തിന് എട്ടു ശതമാനവും പട്ടികജാതി വിഭാഗത്തിന് 12 ശതമാനവുമാണ് സീറ്റ് സംവരണം.
സംസ്ഥാനത്ത് ആകെ നോക്കുമ്പോള്‍ പട്ടികജാതി വിഭാഗമാണ് കൂടുതലെങ്കിലും വയനാട്ടില്‍ സ്ഥിതി മറിച്ചാണ്. ഇവിടെ പട്ടികവര്‍ഗ വിഭാഗമാണ് കൂടുതലുള്ളത്. വര്‍ഷങ്ങളായി പട്ടികവര്‍ഗ വിഭാഗക്കാരായ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടുന്നുണ്ട്. പക്ഷേ ഇതിന് ആനുപാതികമായി സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 1952 പട്ടികവര്‍ഗ വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി. വിജയിച്ച് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 30 ശതമാനം സീറ്റ് വര്‍ധിപ്പിച്ചു നല്‍കിയിട്ടു പോലും 900 പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് പ്രവേശനം ലഭിച്ചത്. സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാതെ വരുന്നതോടെ കുറച്ച് കുട്ടികള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കാറാണ് പതിവ്. എന്നാല്‍ സ്‌കൂള്‍ അന്തരീക്ഷം പോലെയല്ലാത്തതും സാമ്പത്തികബുദ്ധിമുട്ടുകളും കാരണം നിരവധി പേര്‍ പഠനം പാതിയില്‍ നിര്‍ത്തും.
പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിനായി സംസ്ഥാനത്ത് ആകെ 26000 സീറ്റുകളാണ് സംവരണം ചെയ്തിട്ടുള്ളത്. എന്നാല്‍ ശരാശരി 6000 വിദ്യാര്‍ഥികള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ നിന്ന് പ്ലസ് വണ്‍ പ്രവേശനത്തിനായി യോഗത്യ നേടാറുള്ളു. ഇതിന്റെ മൂന്നിലൊന്നും വയനാട്ടില്‍ നിന്നുള്ള വിദ്യാര്‍ഥികളാണെന്നതിനാല്‍ ഇതര ജില്ലകളില്‍ ആയിരക്കണക്കിന് എസ്.ടി. സംവരണ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുകയാണ്. ഈ സീറ്റുകള്‍ വയനാടിന് കൈമാറണം. പ്രത്യേക ബാച്ചുകള്‍ തുടങ്ങുന്നതും പരിഗണിക്കണം. ഈ വിഷയത്തിലുള്ള സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ വിവിധ സംഘടനകളുടെ സഹകരണത്തോടെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഗോത്രമഹാസഭ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ പറഞ്ഞു.
