ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്‍റിട്ടുവെന്ന് ആരോപിച്ച് അടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. അടൂർ ഗവ. ഗേൾസ് ഹയർസെക്കന്‍ററി സ്‌കൂളിലെ അഞ്ച് സീനിയർ വിദ്യാർത്ഥികൾ ചേർന്നാണ് 16കാരനെ മർദ്ദിച്ചത്. സംഭവത്തിൽ അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട: ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്‍റിട്ടുവെന്ന് ആരോപിച്ച് പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് പ്ലസ്ടു വിദ്യാർഥികളുടെ മർദ്ദനം. അടൂർ ഗവ. ഗേൾസ് ഹയർസെക്കന്‍ററി സ്‌കൂളിലെ പ്ലസ് ടു സയൻസ് വിഭാഗത്തിൽ പഠിക്കുന്ന അഞ്ച് സീനിയർ വിദ്യാർത്ഥികൾ ചേർന്നാണ് പ്ലസ് വൺ കൊമേഴ്സിൽ പഠിക്കുന്ന 16കാരനെ മർദ്ദിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ക്ലാസിൽ നിന്നും വിളിച്ചിറക്കി സ്റ്റേജിന് പിന്നിലേക്ക് കൂട്ടി കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.

ഇടിവള ഉൾപ്പെടെ ഉപയോഗിച്ച് മർദ്ദിച്ചതായാണ് പ്ലസ് വൺ വിദ്യാർഥിയുടെ പരാതി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ശുചിമുറിയിൽ പൂട്ടി ഇട്ടതായും മർദ്ദനമേറ്റ കുട്ടി പറയുന്നു. മർദ്ദനത്തിൽ മുഖത്തും പുറത്തും കാര്യമായി പരിക്കേറ്റ വിദ്യാർത്ഥി അടൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. സ്കൂൾ അധികൃതരാണ് അടൂർപോലീസിൽ വിവരം അറിയിച്ചത്. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് വീട്ടുകാരുടെ തീരുമാനം. സംഭവത്തിൽ അടൂർ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.