കിടങ്ങൂര്‍: പോക്സോ കേസിലെ വിധി കേള്‍ക്കാന്‍ സ്ഫോടകവസ്തു വയറ്റില്‍ കെട്ടിവച്ച് ഇറങ്ങിയ പ്രതിക്ക് സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റു. കോടതിയിലേക്ക് പോകാനായി ബസ് കയറിയപ്പോള്‍ അബദ്ധത്തില്‍ സ്ഫോടനം നടന്നാണ് കോട്ടയം മാറിടം പതിക്കമാലി കോളനിയില്‍ ജോയി (62) ക്ക് പരിക്കേറ്റത്.

കിടങ്ങൂര്‍ ബസ് ബേയില്‍ വച്ചായിരുന്നു സംഭവം. ഇന്നലെ രാവിലെ ഭാര്യയ്ക്കൊപ്പം കോടതിയിലേക്ക് ഇറങ്ങിയതായിരുന്നു ജോയി. വയറ്റില്‍ സ്ഫോടക വസ്തുക്കള്‍ കെട്ടിവച്ചായിരുന്നു യാത്ര. നിര്‍ത്തിയിട്ടിരുന്ന ബസില്‍ ആദ്യം തന്നെ സ്ഥലം പിടിച്ച ജോയി പ്രതീക്ഷിക്കാതെയാണ് സ്ഫോടനം നടന്നത്. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ബസ് ബേയില്‍ തിരക്ക് കുറവായിരുന്നു. ബസിനകത്തും ആള് കുറവായിരുന്നു. വലിയ അപകടം ഒഴിവാകാന്‍ ഇത് സഹായകമായി.

ഗുരുതരമായി പരിക്കേറ്റ ജോയി അപകട നില തരണം ചെയ്തിട്ടുണ്ട്. ഇയാളുടെ നെഞ്ചിലും വയറിലുമാണ് പരിക്കേറ്റത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ജോയിക്കെതിരെ പുതിയ കേസ് എടുത്തിട്ടുണ്ട്. സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരമാണ് പുതിയ കേസെടുത്തിട്ടുള്ളത്. 2014 ലാണ് ജോയിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. ഈ കേസിലെ വിധി കേള്‍ക്കാനായി കോട്ടയം സെഷന്‍സ് കോടതിയിലേക്കാണ് ഇയാള്‍ വയറ്റില്‍ സ്ഫോടക വസ്തുക്കള്‍ കെട്ടിവച്ച് ഇറങ്ങിയത്.