പോക്സോ കേസിൽ തിരുവനന്തപുരത്ത് മദ്രസ അധ്യാപകന് 86 വർഷം കഠിന തടവ് ശിക്ഷ, 2 ലക്ഷം രൂപ പിഴയൊടുക്കണം
കേസിൽ നിന്നും രക്ഷപ്പെടാനായി പ്രതി വ്യാജ ചികിത്സ രേഖകള്‍ ഹാജരാക്കിയതായും പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു.
തിരുവനന്തപുരം: വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 86 വർഷം കഠിന തടവും, 2 ലക്ഷം രുപ പിഴയും ശിക്ഷ വിധിച്ചു. 15 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച മാങ്കോട് സ്വദേശി സിദ്ദിഖിനെയാണ് ശിക്ഷിച്ചത്. വിദ്യാർത്ഥിയെ പീഡിപ്പിച്ച വിവരം മറച്ചുവച്ച രണ്ടാം പ്രതിയായ മറ്റൊരു അധ്യാപകൻ മുഹമ്മദ് ഷമീറിന് ആറുമാസം തടവും 10,000 രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം പോക്സോ കോടതി ജഡ്‌ജി എംപി ഷിബുവിൻ്റേതാണ് ഉത്തരവ്. 2023 നവംബർ മാസത്തിലാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. അഞ്ച് കുട്ടികളാണ് പ്രതികൾക്കെതിരെ നെടുമങ്ങാട് പോലീസിൽ പരാതി കൊടുത്തിരുന്നത്. എന്നാൽ വിചാരണ തുടങ്ങിയപ്പോള്‍ നാലു കുട്ടികള്‍ മൊഴി മാറ്റി. ഒരു കുട്ടി മാത്രം മൊഴിയിൽ ഉറച്ചു നിന്നു. ഇതോടെയാണ് പ്രതി ശിക്ഷിക്കപ്പെട്ടത്. കേസിൽ നിന്നും രക്ഷപ്പെടാനായി പ്രതി വ്യാജ ചികിത്സ രേഖകള്‍ ഹാജരാക്കിയതായും പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു.