Asianet News MalayalamAsianet News Malayalam

13കാരിക്ക് നേരെ ലൈം​ഗികാതിക്രമം; സ്കൂൾ മാനേജർക്കെതിരെ പോക്സോ, പിന്നാലെ വടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ് 

പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതായി മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ ചൈൽഡ് വെൽഫയർ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുള്ളതായും കണ്ടെത്തി.

Pocso case registered against school manager in Malappuram prm
Author
First Published Sep 22, 2023, 8:14 AM IST

മലപ്പുറം: പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ടതിനെത്തുടർന്ന് മലപ്പുറം ജില്ലയിലെ കാരക്കുന്ന് പഴേടം എഎംഎൽപി സ്കൂൾ മാനേജർ എം എ അഷ്റഫിനെ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ അയോഗ്യനാക്കി. സ്കൂളിന്റെ പ്രവർത്തനങ്ങൾ തടസം കൂടാതെ നിർവഹിക്കുന്നതിന് മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർക്ക് ചുമതല നൽകിയതായും വിദ്യാഭ്യാസ ഉപഡയറക്ടർ കെ പി രമേഷ് കുമാർ ഉത്തരവിൽ അറിയിച്ചു. 

മാനേജർക്കെതിരെ ജൂലൈ 13ന് പോക്സോ വകുപ്പ് പ്രകാരം മഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മാതാവിന്റെ സുഹൃത്തായ ഇയാൾ 13കാരിയായ ബാലികക്ക് മാനഹാനിയുണ്ടാക്കിയെന്ന സംഭവത്തിലാണ് കേസ്. ആലുവ സ്വദേശിയായ കുട്ടിയുടെ പിതാവാണ് പരാതി നൽകിയത്. പിന്നീട് പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് പിതാവ്  ഹൈക്കോടതിയിൽ ഹരജി നൽകുകയും ചെയ്തിരുന്നു. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതായി മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ ചൈൽഡ് വെൽഫയർ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുള്ളതായും കണ്ടെത്തി.

അധ്യാപകർ തമ്മിലുള്ള പ്രശ്നങ്ങൾ മൂലം സ്കൂളിന്റെ  അക്കാദമിക നിലവാരത്തെ ബാധിക്കുന്ന തരത്തിലും സ്കൂളിന്റെ സൽപ്പേരിന് കളങ്കം വരുത്തുന്ന രീതിയിലും മാധ്യമങ്ങളിൽ വാർത്ത വന്നിട്ടും മാനേജർ യാതൊരു നടപടികളും സ്വീകരിക്കാതെ നിസ്സംഗനിലപാട് സ്വീകരിച്ചതായും വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി. കഴിഞ്ഞ മാസം 26ന് മാനേജർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 

Follow Us:
Download App:
  • android
  • ios