കായംകുളം: ദേശീയപാതയിൽ ലോറി ഡ്രൈവർക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തിലെ പ്രതി കായംകുളം പൊലീസിൽ കീഴടങ്ങി. പെരുങ്ങാല കൊച്ചാലുംമൂട്ടിൽ ഇബിനു (23) ആണ് കീഴടങ്ങിയത്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഇന്നലെ സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. 

കഴിഞ്ഞ മാസമാണ് കാറിലെത്തിയ മൂന്ന് പേരിൽ ഒരാൾ ലോറി ഡ്രൈവർക്ക് നേരെ തോക്ക് ചൂണ്ടിയത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ഡിവൈഡറുകൾ ഉള്ള ഭാഗത്ത് പ്രതികൾ സഞ്ചരിച്ച കാർ മുന്നിൽ പോയ മറ്റൊരു കാറിനു മുന്നിൽ നിർത്തി സ്ത്രീകൾ ഉൾപ്പടെയുള്ളവരെ അസഭ്യം പറഞ്ഞു. 

ഗതാഗത തടമുണ്ടായ ഈ സമയം ഇതു വഴി വന്ന ടാങ്കർ ലോറിയുടെ ഡ്രൈവർ ഹോൺ മുഴക്കിയത് ഇഷ്ടപ്പെടാതെ മൂന്നംഗ സംഘത്തിലുണ്ടായിരുന്ന ഇബിനു കാറിൽ നിന്നും പുറത്തിറങ്ങി ലോറി ഡ്രൈവർക്കു നേരെ കൈത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. 

തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇബിനുവിനെ ബൈക്കിലെത്തിയ എട്ടംഗ സംഘം ഇവിടെ നിന്നും മാറ്റുകയായിരുന്നു. പ്രതികളെ കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും രാഷ്ട്രീയ സമ്മർദ്ദങ്ങളെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്യാതിരുന്നത് എന്ന പരാതിയും ശക്തമായിരുന്നു.