മലപ്പുറം: താനൂരിൽ സ്ഥാനാർത്ഥിയുടെ വീട്ടിലെ കിണറ്റിൽ വിഷം കലക്കിയതായി പരാതി. വെള്ളം ഉപയോഗിച്ചതിനെ തുടർന്ന് ശാരീരിക അവശതകൾ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടി. താനൂർ നഗരസഭാ 21-ാം വാർഡ് നടക്കാവിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഇ കുമാരിയുടെ വീട്ടിലെ കിണറ്റിലാണ് വിഷം കലർത്തിയതായി പരാതി ഉയർന്നിരിക്കുന്നത്. 

ഇന്നലെ രാവിലെ ചായ കുടിച്ചപ്പോഴാണ് രുചിവ്യത്യാസം തിരിച്ചറിഞ്ഞത്. കഠിനമായ തലവേദനയും അനുഭവപ്പെട്ടു. ഇതേതുടർന്ന് കിണറ്റിലെ വെള്ളം പരിശോധിക്കുകയായിരുന്നു. വെള്ളത്തിന് ദുർഗന്ധവും വെള്ളത്തിൽ പ്രാണികൾ ചത്തുകിടക്കുന്നതായും ശ്രദ്ധയിൽപ്പെട്ടതായി കുമാരി പറഞ്ഞു. കഴിഞ്ഞ 11 വർഷമായി ഉപയോഗിക്കുന്ന കിണറ്റിൽ ഇത്തരം പ്രശ്‌നം ആദ്യമായാണെന്നും വലയിട്ട് മൂടിയതിനാൽ സ്വാഭാവികമായ പ്രശ്‌നമല്ലെന്നും സ്ഥാനാർഥിയായതിനെ തുടർന്നുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും കുമാരി ആരോപിച്ചു. 

ശാരീരിക അവശതകളെ തുടർന്ന് താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് കുമാരി ചികിത്സ തേടിയത്. കിണറ്റിലെ വെള്ളം പരിശോധനക്കായി അയച്ചു. താനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.