കോഴിക്കോട്: ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘം പൊലീസ് പിടിയില്‍. കുന്നത്തുപാലം പാലകുറുമ്പ ഭഗവതി ക്ഷേത്രത്തിലും കോന്തനാരി കൊല്ലറക്കല്‍ ഭഗവതി ക്ഷേത്രത്തിലും മോഷണം നടത്തിയ അഞ്ചംഗ സംഘമാണ് പിടിയിലായത്. കോഴിക്കോട് പെരുവയല്‍ വെള്ളിപറമ്പില്‍ ഹാഷിം എന്ന മുന്ന (18), പന്നിയങ്കര ചക്കുംകടവ് എം.പി. ഫാസില്‍ (18) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേരുമാണ് പിടിയിലായത്.   

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപമുള്ള ലോഡ്ജില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ക്കെതിരെ ജൂവനൈല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. സംഘത്തില്‍ നിന്ന് മൂന്നു ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ഈ ബൈക്കുകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പന്തീരാങ്കാവ് സ്റ്റേഷനിലെ മറ്റൊരു ബൈക്ക് മോഷണക്കേസില്‍ പെട്ടവരും സംഘത്തിലുണ്ട്. 

കോഴിക്കോട് ഡിസിപി സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ. ബാബുവും പന്തീരാങ്കാവ് പൊലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ജൂണ്‍ 23ന് പുലര്‍ച്ചെയാണ് കുന്നത്തുപാലം പാല കുറുമ്പ ഭഗവതി ക്ഷേത്രത്തിലും കോന്തനാരി കൊല്ലറക്കല്‍ ഭഗവതി ക്ഷേത്രത്തിലും ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം നടത്തിയത്. പാലകുറുമ്പ ക്ഷേത്രത്തിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് മോഷ്ടാക്കളെ പിടികൂടുന്നതിന് സഹായകമായത്.