ഇതിനിടെ ഇന്നലെയാണ് വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന സുൽത്താൻ റാഫിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
പാലക്കാട്: വധശ്രമക്കേസിലെ പ്രതിയെ വീടിന്റെ മച്ചിൽ നിന്ന് സാഹസികമായി പിടികൂടി പൊലീസ്. പാലക്കാട് പട്ടാമ്പി ഞങ്ങാട്ടിരിയിൽ യുവാക്കളെ സംഘം ചേർന്ന് മർദ്ദിച്ച കേസിലെ പ്രതി കപ്പൂർ കാഞ്ഞിരത്താണി സ്വദേശി സുൽത്താൻ റാഫിയെയാണ് തൃത്താല പൊലീസ് പിടികൂടിയത്. പിടിയിലായ സുൽത്താൻ റാഫി നിരവധി കേസുകളിലെ പ്രതിയാണ്.
ചാലിശ്ശേരി, ചങ്ങരംകുളം, തൃത്താല മൂന്ന് സ്‌റ്റേഷനുകളിലായി ഇയാൾക്കെതിരെ അഞ്ച് ക്രിമിനൽ കേസുകളുണ്ട്. ഇക്കഴിഞ്ഞ നാലിന് പട്ടാമ്പി ഞങ്ങാട്ടിരിയിൽ നടന്ന കത്തിക്കുത്തിൽ വധശ്രമത്തിന് വീണ്ടും കേസെടുത്തു. കേസിലെ മറ്റുപ്രതികളെ പിടി കൂടിയെങ്കിലും ഫോണുപയോഗിക്കാതെ ഒളിയിടിത്തിലായിരുന്നു റാഫി. കഴിഞ്ഞ ദിവസം റാഫിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓണായി. ടവർ ലൊക്കേഷൻ സുൽത്താൻ റാഫിയുടെ കാഞ്ഞിരത്താണിയിലെ വീടുതന്നെ. പൊലീസെത്തി നടത്തിയ ആദ്യ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് വീടിൻ്റെ അടുക്കളയിലെ മച്ചിൽ ഒളിച്ചിരുന്ന സുൽത്താൻ റാഫിയെ പൊലീസ് കണ്ടെത്തുന്നത്. സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൂടുതൽ ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.


