കൊല്ലം: ആളൊഴിഞ്ഞ വീട്ടില്‍ താമസിച്ച് സിനിമാ സ്റ്റൈലില്‍ വീട്ടുകാര്‍ക്ക് കത്തെഴുതിവെച്ച് രക്ഷപ്പെട്ട മോഷ്ടാവ് ഒടുവില്‍ പൊലീസ് പിടിയില്‍. നാട്ടുകാരുടേയും പൊലീസുകാരുടേയും തലവേദനയായി മാറിയ കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസാണ് പൊലീസിന്‍റെ പിടിയിലായത്. മോഷണവും കഴിഞ്ഞ് വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍  കല്ലുംകുന്നത്ത് ഭാഗത്ത് നിന്ന് ജോസിനെ  നാട്ടുകാരായ ചില യുവാക്കള്‍ ചേര്‍ന്ന് പിടികൂടിയത്. 

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ യുവാക്കള്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മോഷ്ടാവിനെ പിടിക്കാന്‍ നാട്ടുകാര്‍ സ്ക്വാര്‍ഡ് രൂപീകരിച്ച് കാത്തിരിക്കുകയായിരുന്നു.  പിടിയിലായ സമയത്ത് ഇയാളുടെ കൈയ്യില്‍ നിന്നും ആഭരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതും മോഷ്ടിച്ചതാണെന്നാണ് കരുതുന്നത്.

കഴിഞ്ഞ ദിവസമാണ് പരവൂരിലെ ദയാബ്ദ്ജി ജംഗ്ഷനിലെ അനിതാ ഭവനില്‍ നിന്നും 50 പവനും അരലക്ഷം രൂപയും മൊട്ട ജോസ് മോഷ്ടിച്ചത്. കള്ളനെ തേടി പൊലീസ് പരക്കം പാഞ്ഞെങ്കിലും അയാളുടെ പൊടി പോലും ലഭിച്ചില്ല. മോഷണ രീതികളില്‍ നിന്നും കള്ളന്‍ മൊട്ട ജോസാണെന്ന് മനസിലാക്കി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തുവിട്ടു. എന്നാല്‍ മോഷണം നടന്ന വീട്ടില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ മാത്രം മാറി മറ്റൊരു വീട്ടില്‍  താമസിക്കുകയായിരുന്നു ആ സമയത്ത് കള്ളന്‍. അന്ന് ആളൊഴി‌ഞ്ഞ വീട്ടില്‍ സുഖമായി താമസിച്ച് വീട്ടുകാര്‍ക്ക് കത്തും എഴുതിവെച്ചാണ് പൊലീസെത്തുന്നതിന് തൊട്ടുമുമ്പ് കള്ളന്‍ രക്ഷപ്പെട്ടത്.

"നിങ്ങള്‍ അടുത്ത പ്രാവശ്യം പോകുമ്പോള്‍ എനിക്ക് ഇവിടെ പൈസയും സ്വര്‍ണവും വച്ചേക്കണം. ഇല്ലെങ്കില്‍ ഞാന്‍ ഇനിയും ഇവിടെ കയറും. നിങ്ങള്‍ വീടു പൂട്ടി പോ, ഗേറ്റ് പൂട്ടി പോ എന്ന് കള്ളന്‍ എന്നായിരുന്നു കുറിപ്പില്‍. കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകകൂടി ചെയ്തതോടെ ഇയാളെ പിടിക്കാന്‍ പരക്കം പായുകയായിരുന്നു പൊലീസ്. അതിനിടെയാണ് യുവാക്കളുടെ കൈയ്യില്‍ ഇയാള്‍ അകപ്പെട്ടത്.