തിരുവനന്തപുരം: അക്രമിയിൽ നിന്ന്  പെണ്‍കുട്ടികളെ രക്ഷിച്ച് തിരുവനന്തപുരം സിറ്റി പൊലീസ്.  രാത്രി 11 മണിയോടെ ശ്രീകാര്യം ചെമ്പഴന്തി റോഡിലാണ് സംഭവം.  ശ്രീകാര്യം ഭാഗത്തേക്ക് കാറിൽ വരികയായിരുന്ന 3 യുവതികളെ ആണ് ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് ആക്രമിക്കാൻ ശ്രമിച്ചത്. 

വാഹനം തടയുമെന്ന അവസ്ഥയിൽ യുവതികൾ ഉടൻ തന്നെ പൊലീസ് കണ്ട്രോൾ റൂമുമായി ബന്ധപ്പെട്ടു. വിവരം ലഭിച്ച ഉടനെ തന്നെ ശ്രീകാര്യം പൊലീസ് സ്ഥലത്തേക്ക് തിരിച്ചു. സമീപത്തുണ്ടായിരുന്ന മറ്റ് സ്റ്റേഷനുകളിലെ വാഹനങ്ങളെയും പൊലീസ് കണ്ട്രോൾ റൂമിൽ നിന്ന് സംഭവ സ്ഥലത്തേക്ക് അയച്ചു. ഇതിനിടെ യുവാവ് കാർ തടഞ്ഞു നിറുത്തി കാറിന്‍റെ  ഗ്ലാസ്സ് തകർക്കാൻ ശ്രമിച്ചു. ഭയന്ന് യുവതികൾ കാറിനുള്ളിൽ ഇരുന്ന് നിലവിളിച്ചു. 

ഇതിനിടെ സ്ഥലത്തെത്തിയ ശ്രീകാര്യം പൊലീസ് സംഘം രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇതിനിടെ കാറിൽ നിന്ന് പുറത്തിറങ്ങിയ യുവതികളിൽ ഒരാൾ ബോധരാഹിതയായി വീണു.   ബൈക്കിൽ കാർ തട്ടിയത് ചോദ്യം ചെയ്യാൻ പിന്നാലെപോയെന്നാണ് യുവാവിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരമെന്ന് ശ്രീകാര്യം പൊലീസ് പറഞ്ഞു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.