മോഷ്ടിക്കാന്‍ കയറുന്ന വീട്ടിലെല്ലാം ഭക്ഷണമുണ്ടാക്കി കഴിക്കുകയും മിച്ചം വരുന്നത് പൊതിഞ്ഞെടുത്തു കൊണ്ടുപോകുന്നതും പതിവാക്കിയ കള്ളന്‍ ഒടുവിൽ പൊലീസിന്റെ പിടിയിലായി. വെള്ളമുണ്ട കായലിങ്കല്‍ സുധീഷ്(29) എന്ന മോഷ്ടാവ് ആണ് പിടിയിലായത്.
വയനാട്: മോഷ്ടിക്കാന്‍ കയറുന്ന വീട്ടിലെല്ലാം ഭക്ഷണമുണ്ടാക്കി കഴിക്കുകയും മിച്ചം വരുന്നത് പൊതിഞ്ഞെടുത്തു കൊണ്ടുപോകുന്നതും പതിവാക്കിയ കള്ളന്‍ ഒടുവിൽ പൊലീസിന്റെ പിടിയിലായി. വെള്ളമുണ്ട കായലിങ്കല്‍ സുധീഷ്(29) എന്ന മോഷ്ടാവ് ആണ് പിടിയിലായത്.
മോഷണത്തിലെ വ്യത്യസ്തത കൊണ്ട് പൊലീസിന് ഏറെ തലവേദനയുണ്ടാക്കിയാണ് വിശപ്പടക്കി മോഷ്ടിച്ച് കടന്ന് കളയുന്ന കള്ളൻ പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഹോട്ടലില്‍ കയറിയ കള്ളൻ കഞ്ഞിയും വെച്ചു കഴിച്ച് കുളിയും കഴിഞ്ഞ് പെട്ടിയിലെ 5000 രൂപയുമെടുത്ത് മുങ്ങിയിരുന്നു. കഴിഞ്ഞ മാസം മാനന്തവാടിയിലെ ഹോട്ടലില്‍ കയറിയ സുധീഷ് മീന്‍കറിയും പൊറോട്ടയും പൊതിഞ്ഞെടുത്തു പോകുന്ന ദൃശ്യങ്ങള്‍ നിരീക്ഷണക്യാമറയില്‍ പതിഞ്ഞിരുന്നു. അന്നു മുതല്‍ നാട്ടുകാര്‍ കള്ളനെ തിരയുകയായിരുന്നു. തുടര്‍ന്ന് ഇയാൾ തിരിച്ചറിയാതിരിക്കാനായി മീശ വടിച്ച് നടക്കുകയായിരുന്നു.
പനമരം സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ അടുക്കളയില്‍ കയറിയ ഇയാള്‍ മുട്ട പുഴുങ്ങി തിന്നുകയും ചെയ്തു. വെള്ളമുണ്ട എട്ടേനാലില്‍ എയുപി സ്‌കൂളിനു മുന്‍പില്‍ സ്ത്രീകള്‍ നടത്തുന്ന മെസ് ഹൗസില്‍ കഴിഞ്ഞ 10 നാണ് സുധീഷ് കഞ്ഞിവെച്ചു കുടിച്ചശേഷം കുളികഴിഞ്ഞ് പണവുമായി കടന്നുകളഞ്ഞത്. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സുധീഷ് പിടിയിലായത്.
