അമ്പലത്തറ, കൊഞ്ചിറവിള, പാപ്പനംകോട് എന്നിവിടങ്ങളിലെ 3 ക്ഷേത്രങ്ങളിൽ ഒരേ രാത്രിയിൽ മോഷണം. ഒരേ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. പ്രതിയുടെ ദൃശ്യം പോലീസ് പുറത്തുവിട്ടു.

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ഒരേ രാത്രിയിൽ മോഷണം നടന്ന സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി പൊലീസ്. അമ്പലത്തറ ശിവക്ഷേത്രം, കൊഞ്ചിറവിള ഭഗവതി ക്ഷേത്രം, പാപ്പനംകോട് അനന്ത നാഗരാജ ക്ഷേത്രം എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച പുലർച്ചെ മോഷണം നടന്നത്. കൊഞ്ചിറവിളയിലും പാപ്പനംകോട് ക്ഷേത്രത്തിലുമാണ് സിസി ടിവി ഉണ്ടായിരുന്നത്. അമ്പലത്തറയിൽ ക്യാമറകളില്ല. മൂന്നിടത്തും ഒരേ സംഘമാണോ മോഷണം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സിസി ടിവി ദൃശ്യത്തിൽ കുടുങ്ങിയ പ്രതിയുടെ ദൃശ്യം പൊലീസ് പുറത്തുവിട്ടു.

Add Asianetnews as a Preferred SourcegooglePreferred

ശിവക്ഷേത്രത്തിന്‍റെ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ്, ശിവന്‍റെയും മറ്റു ഉപദേവതകളുടെയും മുന്നിലുണ്ടായിരുന്ന കാണിക്ക വഞ്ചിയുടെ പൂട്ട് പൊളിച്ച് 10000 രൂപയോളം കവർന്നെന്നാണ് വിവരം. രാവിലെ ക്ഷേത്രം തുറക്കാൻ വന്ന പൂജാരിയും ജീവനക്കാരുമാണ് മോഷണ വിവരം അറിഞ്ഞത്. പിന്നാലെ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരുടെ സഹായത്തോടെ തെളിവുകൾ ശേഖരിച്ചു. ഒരുനടയിലെ കാണിക്കക്കുടം പൊളിച്ചു നോട്ടുകൾ കൊണ്ട് പോയിട്ടുണ്ട്. നാണയങ്ങൾ കൊണ്ട് പോകാൻ സാധിച്ചില്ല. കൊഞ്ചിറവിള ഭഗവതി ക്ഷേത്രത്തിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിലായിരുന്നു മോഷണം.

ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി മേശയിൽ സൂക്ഷിച്ചിരുന്ന 45 മില്ലി ഗ്രാമുള്ള സ്വർണപ്പൊട്ടും കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവും ടാബും സെക്യൂരിറ്റി ജിവനക്കാരന്‍റെ മൊബൈൽ ഫോണും അടക്കം മോഷ്ടിച്ചു. കാണിക്ക വഞ്ചികളുടെ പൂട്ട് പൊളിച്ച നിലയിലുമായിരുന്നു. ക്ഷേത്രത്തിലേക്ക് കടക്കാനുള്ള വാതിൽ തകർക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. സിസിടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഫോർട്ട് പൊലീസ് അന്വേഷണം തുടങ്ങി. പാപ്പനംകോട് അനന്തനാഗരാജ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിലെ പൂട്ട് കമ്പിപ്പാര കൊണ്ട്‌ പൊളിച്ചാണ് മോഷണം നടത്തിയത്. ബൈക്കിലെത്തിയ നാല് യുവാക്കളിൽ രണ്ടുപേർ, ക്ഷേത്രത്തിന്‍റെ മുന്നിലുള്ള കാണിക്കവഞ്ചി പൊളിച്ച് മോഷണം നടത്തിയപ്പോൾ രണ്ടുപേർ ആരെങ്കിലും വരുന്നുണ്ടോ എന്ന് ബൈക്കിലിരുന്ന് നിരീക്ഷിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മൂന്ന് സംഭവങ്ങളിലും ഒരേ പ്രതികളാണോയെന്നതും പൊലീസ് സംശയിക്കുന്നുണ്ട്.