ആലപ്പുഴ: മുക്കുപണ്ടം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിരുന്ന സംഘത്തെ പൊലിസ് അറസ്റ്റുചെയ്തു. കീരിക്കാട് കണ്ണമ്പള്ളിഭാഗം ആശാരിത്തറ പടീറ്റതില്‍ സന്തോഷ്‌കുമാര്‍ (43), ഇടുക്കി പെരുംതോട്ടി കപ്യാര്‍കുന്നേല്‍ വീട്ടില്‍ സുനീഷ് (25), കോതമംഗലം വാരാപ്പെട്ടി ചാലില്‍ ബിജു (40) എന്നിവരെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റുചെയ്തത്. പന്ത്രണ്ട് ഇടങ്ങളില്‍നിന്നായി ഒന്‍പതരലക്ഷത്തോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.

കഴിഞ്ഞ മാസം 29ന് ഇവര്‍ കണ്ടല്ലൂര്‍ പുതിയവിള പേരാത്തുമുക്കിന് സമീപം പ്രവര്‍ത്തിക്കുന്ന കെ ആര്‍ ഫൈനാന്‍സിയേഴ്‌സില്‍നിന്ന് മുക്കുപണ്ടം വെച്ച് 40,000 രൂപ തട്ടിയെടുത്തിരുന്നു. രണ്ടുദിവസത്തിനുശേഷം ഇവിടെ വീണ്ടും തട്ടിപ്പിനായി ആളെത്തി. ഇക്കാരണത്താല്‍ സ്ഥിരമായി തട്ടിപ്പ് നടത്തുന്ന സംഘമാകാം പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. പ്രതി രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറിന്റെ സി സി ടി വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

ഇതില്‍നിന്ന് കൊട്ടാരക്കര സ്വദേശിയുടേതാണ് വാഹനമെന്ന് വ്യക്തമായി. ഇദ്ദേഹം പുതിയവിള സ്വദേശിക്ക് വിറ്റതായിരുന്നു വാഹനം. ഇയാള്‍ തൊട്ടടുത്ത വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതിയായ സുനീഷിനുവേണ്ടിയാണ് വാഹനം വാങ്ങിയതെന്ന് പോലീസിന് മൊഴിനല്‍കി. സുനീഷിന് തിരിച്ചറിയല്‍ രേഖകള്‍ ഇല്ല എന്ന കാരണം പറഞ്ഞാണ് അയല്‍വാസിയുടെ പേരില്‍ വാഹനം വാങ്ങിയത്. സുനീഷിനെ പുല്ലുകുളങ്ങര എസ് ബി ഐ. എ ടി എമ്മിന് സമീപത്തുനിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. സന്തോഷ്, ബിജു എന്നിവരെ കീരിക്കാട്ടുള്ള സന്തോഷിന്റെ വീട്ടില്‍നിന്നുമാണ് പൊലീസ് പിടികൂടിയത്.

ചോദ്യം ചെയ്യലില്‍ ഇവര്‍ വിവിധയിടങ്ങളില്‍ മുക്കുപണ്ടം വച്ചതായി സമ്മതിച്ചു. കരീലക്കുളങ്ങര എസ് ബി ഐ യില്‍നിന്ന് രണ്ടുതവണയായി 1,20,000 രൂപ തട്ടിയെടുത്തു. വേലഞ്ചിറ, ഹരിപ്പാട് നാരകത്തറ, കാരിച്ചാല്‍, പായിപ്പാട്, കരുവാറ്റ, അമ്പലപ്പുഴ എന്നിവിടങ്ങളിലെ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് പണം കബളിപ്പിച്ചെടുത്തു. കൂടാതെ ഇടുക്കി ചെറുതോണി, മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലും സമാനമായ തട്ടിപ്പ് നടത്തി.

ഒരേ സ്ഥാപനത്തില്‍ത്തന്നെ രണ്ടും മൂന്നും തവണ പണയംവച്ചിട്ടുണ്ട്. സംഘത്തില്‍ ഇനിയും ആളുകള്‍ ഉണ്ടെന്നും അവരെ പിടികൂടാനുള്ള ശ്രമം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. കായംകുളം ഡിവൈ എസ് പി. ആര്‍ ബിനുവിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തിയത്. എസ് ഐ സോണി മത്തായി, അഡീഷണല്‍ എസ് ഐ ശ്രീധരന്‍, എ എസ് ഐ അലി അക്ബര്‍, സീനിയര്‍ സി പി ഒമാരായ പദ്മരാജന്‍, ലാല്‍ ചന്ദ്രന്‍, സതീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.