പാലക്കാട്: നെന്മാറയിൽ ഒരു കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. ജില്ലാ ലഹരി വിരുദ്ധ സ്വക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്. എലവഞ്ചേരി പറശ്ശേരി സ്വദേശി ദീപു, നെന്മാറ അയ്യപ്പൻപാറ സ്വദേശി പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ ഒരു  ലക്ഷം രൂപ വിലവരും.

കോയമ്പത്തൂരിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ഒരു കിലോ കഞ്ചാവാണ് ലഹരിവിരുദ്ധ സ്ക്വാഡും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്. ദീപുവും പ്രവീണും പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരമായിരുന്നു പരിശോധന. നെന്മാറ, അയിലൂർ, വടക്കഞ്ചേരി തുടങ്ങിയ മലയോര മേഖല കേന്ദ്രീകരിച്ച് ചില്ലറ വിൽപനക്കാർക്ക് കൈമാറാൻ കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത്. 

പിടിയിലായ പ്രതികൾ ഇതിന് മുൻപും കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടവരാണ്. കൂടാതെ നിരവധി ക്രിമിനൽ കേസുകളും ഇവരുടെ പേരിലുണ്ട്. ലോക്ഡൗണിൽ ട്രെയിൻ ഗാതാഗതം നിന്നതോടെ ഇപ്പോൾ റോഡ് മാർഗമാണ് കഞ്ചാവ് കടത്തുന്നത്. ചരക്കു വാഹനങ്ങളിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന സംഘത്തെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി കോടതിയിൽ ഹാജരാക്കും.