അറസ്റ്റിലായ അഖിൽ കാട്ടൂർ, മതിലകം പൊലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമക്കേസിലും മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും പ്രതിയാണ്.
തൃശൂർ: തൃപ്രയാർ തളിക്കുളത്തെ ഫ്ലാറ്റിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 33.5ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും അറസ്‌റ്റിൽ. എടത്തിരുത്തി സ്വദേശി കൊല്ലാറ വീട്ടിൽ അഖിൽ (31), പെരിഞ്ഞനം സ്വദേശി വലിയകത്ത് വീട്ടിൽ ഫസീല (33) എന്നിവരെയാണ് പിടികൂടിയത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. അഖിൽ കാട്ടൂർ, മതിലകം പൊലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമക്കേസിലും മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും പ്രതിയാണ്.
തൃശ്ശൂർ ജില്ലാ പൊലിസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു, വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എൻ.ബി ഷൈജു, വലപ്പാട് എസ്ഐ സി.എൻ. എബിൻ, ജിഎസ്ഐ പി.യു.ഉണ്ണി, തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് അംഗങ്ങളായ എസ്ഐ സി.ആർ. പ്രദീപ് , എഎസ് ഐ ലിജു ഇയ്യാനീ, എസ് സിപിഒ സി.കെ.ബിജു, സിപിഒ സുർജിത് സാഗർ, വലപ്പാട് ജിഎസ് സിപിഒ അനൂപ്, സിപിഒ സിജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വാളയാർ ചെക്ക് പോസ്റ്റിലും ലഹരിവേട്ട
അതേസമയം വാളയാർ എക്സൈസ് ചെക്ക്‌പോസ്റ്റിൽ കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനയിൽ കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നും 211.4 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. തൃശ്ശൂർ മണത്തല സ്വദേശി ഷമീർ.പി.എസ് എന്നയാളാണ് മയക്കുമരുന്നുമായി പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സി.വി.രാജേഷ് കുമാർ, ശ്രീജി. ബി.ജെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) സജീഷ്. കെ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ അശ്വന്ത്, സുബിൻ രാജ്.എസ് എന്നിവരും പങ്കെടുത്തു.


