തിരുവനന്തപുരം പൂന്തുറ ബിലാൽ നഗറിൽ കാർ യാത്രക്കാരായ യുവാക്കളെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. റോഡിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടതിലുള്ള വിരോധത്തിൽ പ്രതികൾ കാർ തല്ലിത്തകർക്കുകയും യുവാക്കളെ മർദിച്ച് കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
തിരുവനന്തപുരം: പൂന്തുറ ബിലാൽ നഗറിൽ കാർ യാത്രക്കാരായ യുവാക്കളെ മർദിക്കുകയും വാഹനത്തിന്‍റെ ചില്ലുകൾ തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ ബിലാൽ നഗർ സ്വദേശി അഷറഫ് (56), ബീമാപ്പള്ളി അസാദ് നഗർ സ്വദേശി ബദറുദ്ദീൻ (42) എന്നിവരെയാണ് പൂന്തുറ പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബിലാൽ നഗർ വഴി കാറിൽ വരികയായിരുന്ന പുത്തൻപള്ളി സ്വദേശികളായ യുവാക്കളുടെ യാത്ര പ്രതികൾ തടസപ്പെടുത്തി. റോഡിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടതിലുള്ള വിരോധം കാരണം പ്രതികൾ ഇരുവരും ചേർന്ന് കാറിന്‍റെ മുൻവശത്തെയും പിൻവശത്തെയും ഗ്ലാസുകൾ അടിച്ചുതകർക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കൂടാതെ, യുവാക്കളെ ക്രൂരമായി മർദിക്കുകയും കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ആക്രമണത്തിൽ യുവാവിന്‍റെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. പിന്നാലെ പരാതിയെത്തിയതോടെ പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


