69 വയസുള്ള സ്ത്രീയാണ് അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവില്‍ മേരി ഭര്‍ത്താവിന്‍റെ ചികില്‍സാര്‍ത്ഥവും, ജീവിക്കാനുമാണ് മീന്‍ വില്‍ക്കുന്നത് . തന്‍റെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കുന്ന രീതിയില്‍ രണ്ടുതവണ പൊലീസ് ഇടപെടല്‍ ഉണ്ടായി എന്നാണ് ഇവര്‍ പറയുന്നത്. 

തിരുവനന്തപുരം: അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവില്‍ മേരിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ രോഷം. പൊലീസിനെതിരെയാണ് പ്രധാനമായും സോഷ്യല്‍ മീഡിയയുടെ പ്രതികരണം. രണ്ട് ദിവസം മുന്‍പാണ് സംഭവത്തിന് അടിസ്ഥാനമായ വീഡിയോ വൈറലായത്. ഒരു പ്രദേശിക ചാനലിന്‍റെതായിരുന്നു വാര്‍ത്ത. ഈ വീഡിയോ വൈറലായി. മീന്‍ വില്‍പ്പന നടത്തിയിരുന്ന മേരിയുടെ 16,000 രൂപയോളം വിലവരുന്ന മത്സ്യം പാരിപ്പള്ളി പൊലീസ് അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ പറയുന്നത്. 

69 വയസുള്ള സ്ത്രീയാണ് അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവില്‍ മേരി ഭര്‍ത്താവിന്‍റെ ചികില്‍സാര്‍ത്ഥവും, ജീവിക്കാനുമാണ് മീന്‍ വില്‍ക്കുന്നത് . തന്‍റെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കുന്ന രീതിയില്‍ രണ്ടുതവണ പൊലീസ് ഇടപെടല്‍ ഉണ്ടായി എന്നാണ് ഇവര്‍ പറയുന്നത്. ആദ്യം വന്ന പൊലീസ് തന്‍റെ മീന്‍വയ്ക്കുന്ന തട്ട് പൊലീസ് തട്ടിത്തെറിപ്പിച്ചു. അതിന് പിന്നാലെയാണ് വൈകുന്നേരത്തോടെ എത്തിയ പൊലീസ് രണ്ട് വട്ട നിറയെ മീന്‍ എടുത്ത് ഓടയില്‍ എറിഞ്ഞത്. പരിപ്പള്ളി പൊലീസിലെ രണ്ട് പൊലീസുകാരാണ് അത് ചെയ്തതെന്നും. അവരെ പരിചയുണ്ടെന്നും മേരി പറയുന്നു. മീന്‍ താന്‍ എടുത്തുകൊണ്ടുപോകാം എന്ന് പൊലീസുകാരോട് പറഞ്ഞിട്ടും കേട്ടില്ല, താന്‍ മത്സ്യം വില്‍ക്കുന്നയിടത്ത് ഒരു തരത്തിലും ആള്‍ക്കൂട്ടം ഉണ്ടായിരുന്നില്ലെന്ന് ഇവര്‍ ഉറപ്പിച്ച് പറയുന്നു. 

ഇത് സംബന്ധിച്ച് വളരെ രൂക്ഷമായാണ് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസ് വലിയതോതില്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം. ഇടത് അനുഭാവികള്‍ അടക്കം പൊലീസിനെതിരെ ശക്തമായി രംഗത്ത് വരുന്ന കാഴ്ചയും സോഷ്യല്‍മീഡിയയിലുണ്ട്. കഴിഞ്ഞ ദിവസം കാസര്‍കോഡ് പശുവിന് പുല്ല് അരിയാന്‍ പോയ വ്യക്തിക്ക് 2000 രൂപ പിഴ നല്‍കിയ കേരള പൊലീസ് നടപടിക്ക് സമാനമായും, അതിനപ്പുറമായുമാണ് പലരും ഇതിനെ സമീപിക്കുന്നത്. 

വിഷയത്തില്‍ പ്രതികരിച്ച് ഹൈക്കോടതിയിലെ അഭിഭാഷകനായ ഹരീഷ് വാസുദേവന്‍, അഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെ അഭിസംബോധന ചെയ്ത് പ്രശ്നത്തില്‍ പ്രതികരിച്ചത് ഇങ്ങനെ. മേരി ചേച്ചിയെ പോലുള്ളവർക്ക് നഷ്ടപ്പെട്ട ഈ സർക്കാരിനുള്ള വിശ്വാസം എപ്പോൾ തിരിച്ചു കൊടുക്കാൻ പറ്റും? പോലീസ് തെറ്റു ചെയ്താൽ സ്റ്റേറ്റ് നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് പോലീസിനെ ആര് പഠിപ്പിക്കും? എന്നീ ചോദ്യങ്ങള്‍ ചോദിക്കുന്നു. മേരി ഒരു സിപിഎം അനുഭാവിയാണെന്നും ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നു.

സമാനമായ നൂറുകണക്കിന് പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അതേ സമയം പൊലീസ് ഫേസ്ബുക്ക് പേജില്‍ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ കേരള പൊലീസ് ഫേസ്ബുക്ക് പേജില്‍ ഇത് സംബന്ധിച്ച് ഒരു കമന്‍റ് വിശദീകരണം നല്‍കിയിരുന്നു. പ്രസ്തുത സംഭവം ഡി കാറ്റഗറിയില്‍ പെട്ട സ്ഥലത്ത് മത്സ്യ വില്‍പ്പന നടത്താന്‍ ജില്ല ഭരണകൂടം നിയന്ത്രണമുണ്ടെന്നും, അത് മറികടന്ന് ചിലര്‍ മത്സ്യ വില്‍പ്പന നടത്തിയെന്നും. ഇതിനെതിരെ പൊലീസ് നടപടി എടുത്തപ്പോള്‍ ചിലര്‍ ആസൂത്രിതമായി ചിത്രീകരിച്ചതാണ് എന്നാണ് പൊലീസ് അവകാശവാദം. ഈ കമന്‍റിന്‍റെ സ്ക്രീന്‍ ഷോട്ടും ഫേസ്ബുക്കില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

എന്നാല്‍ പൊലീസിന്‍റെതെന്ന് പറയുന്ന ഈ വാദത്തിനെതിരെയും വ്യാപകമായ എതിര്‍വാദം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഡി കാറ്റഗറയില്‍ പഴം പച്ചക്കറി എന്നത് പോലെ മത്സ്യ വില്‍പ്പനയും അനുവദനീയമാണ് എന്നത് സൂചിപ്പിക്കുന്ന സര്‍ക്കാറിന്‍റെ തന്നെ കൊവിഡ് മാനദണ്ഡം സംബന്ധിച്ച റിപ്പോര്‍ട്ടാണ് പലരും ഉയര്‍ത്തി കാണിക്കുന്നത്.

അറബ് മുല്ലപ്പൂ വിപ്ലവത്തിന് തുടക്കമിട്ടത് മുഹമ്മദ് ബൗസൂസി എന്ന ടൂണിഷ്യയിലെ വഴിയൊര കച്ചവടക്കാരനെതിരെ നടത്തിയ അധികാരികളുടെ കൈയ്യേറ്റമാണ് എന്ന് ഓര്‍മ്മിപ്പിക്കുന്ന പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് കാണാം. 

Read More: യൂണിഫോം ധരിച്ചില്ല; ഓട്ടോ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്, വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona