മലപ്പുറം: നിരത്തിലിറങ്ങിയവര്‍ക്ക് പൊലീസിന്റെ വക നല്ല അടി പൊട്ടുന്നുണ്ട്. ഇന്ന് കിട്ടിയവരില്‍ കൊണ്ടോട്ടി നഗരസഭ അധ്യക്ഷയടക്കമുള്ളവരും ഉണ്ടായിരുന്നു. സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കാനെത്തിയ കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സന്‍ ഉള്‍പ്പെടെയുള്ളവരെയാണ്  പൊലീസ് മര്‍ദിച്ചത്. ആള്‍ക്കൂട്ടം കണ്ട പൊലീസ് ആളറിയാതെ മര്‍ദിക്കുകയായിരുന്നു. 

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കടകളില്‍ വിലക്കൂട്ടി വില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ കടകളില്‍ പരിശോധന നടക്കുന്നുണ്ട്. കൊണ്ടോട്ടി നഗരസഭ പരിധിയില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് ഇറങ്ങിയതായിരുന്നു ഇവര്‍. കടക്കാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കുന്നതിനിടെയാണ് പൊലീസെത്തി കൂടിനിന്ന നഗരസഭ ജീവനക്കാരുള്‍പ്പടെയുള്ളവരെ അടിച്ചോടിച്ചത്. 

നഗരസഭ ജീവനക്കാരാണെന്ന് പൊലീസിനോട്  പറഞ്ഞെങ്കിലും ലാത്തികൊണ്ട് അടിക്കുകയായിരുന്നു. ഇവര്‍ക്ക് കാലിനും പുറത്തും പരിക്കേറ്റിട്ടുണ്ട്. നഗരസഭ സെക്രട്ടറി ഇന്‍ ചാര്‍ജ് ബാബുവിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കടകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം നില്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവിടെ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

"