തിരുവനന്തപുരം: കുപ്രസിദ്ധ പ്രതി "പറക്കുംതളിക" എന്നു വിളിക്കുന്ന ബിജുവിന്റെ ആക്രമണത്തിൽ ഉറിയാക്കോട് നെടിയ വിളയിൽ രണ്ടു പേർക്ക് വെട്ടേറ്റു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ഇന്നലെ രാവിലെയാണ് സംഭവം. നെടിയവിള എസ്.ജി ഭവനിൽ ലിജു സൂരി (29), സംഭവം കണ്ട് പിടിച്ചു മാറ്റാനെത്തിയ സമീപവാസി ബിനുകുമാർ എന്നിവർക്കാണ് വെട്ടേറ്റത്.

ലിജു സൂരിയുടെ തലയ്ക്കും വലതുകാലിനും, ബിനുവിന്റെ കൈയ്യിലുമാണ്  വെട്ടേറ്റത്. ഇരുവരെയും നാട്ടുകാർ 108 ആംബുലൻസിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ലിജുവിന്റെ കാലിനേറ്റ വെട്ട് ഗുരുതരമാണ്.ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ലിജുവിന്റെ മാതൃ സഹോദരനാണ് പറക്കുംതളിക ബിജു എന്ന പൊന്നെടുത്തകുഴി സ്വദേശി ജയിൻ വിക്റ്റർ. കുടുംബ വഴക്കിനെ തുടർന്ന് 2018ൽ ലിജുവും കൂട്ടുകാരും ചേർന്ന് പറക്കുംതളികയെ ഉറിയാക്കോട് ഇതേ സ്ഥലത്തിട്ട് ക്രൂരമായി മർദിച്ചിരുന്നു. ഇതിന് പ്രതികാരം തീർത്തതാകാം ഇന്നലെ നടന്ന ആക്രമണം എന്നാണ് പൊലീസ് കരുതുന്നത്.

കൊടും കുറ്റവാളി എറണാകുളം ബിജുവിനെ കോടതിയിൽ കൊണ്ടുപോകും വഴി പൊലീസിന്റെ കൈയിൽ നിന്ന് ബൈക്കിലെത്തി രക്ഷിച്ചുകൊണ്ടു പോയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് പറക്കുംതളിക ബിജു. പൊലീസിന്റെ ഗുണ്ടാലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. പാറശാലയിൽ കഞ്ചാവ് കടത്തലിന് പിടിക്കപ്പെട്ട് ജയിലിലായ ഇയാൾ അടുത്തിടെ ആണ് ജാമ്യത്തിലിറങ്ങിയത്.

ഇന്നലെ രാവിലെ പറക്കുംതളികയും മൂന്ന് കൂട്ടാളികളും കാറിൽ എത്തിയാണ് കൃത്യം നിർവഹിച്ചു കടന്നത്. ഇയാളെ പിടികൂടാൻ സാധിച്ചിട്ടില്ല. ഒന്നര വർഷം മുമ്പ് തന്നെ മർദിച്ച് വലിച്ചെറിഞ്ഞ അതേ കവലയിൽ സഹോദരീ പുത്രനെ വെട്ടിവീഴ്ത്തിയാണ് പറക്കുംതളിക പക തീർത്തത്. ബിജു ഭീകരാന്തരീക്ഷം സൃഷ്ടിക്കാനായി വലിച്ചെറിഞ്ഞതിൽ ഒരു ബോംബ് പൊട്ടാതെ സമീപത്തെ ഓടയിൽ പതിച്ചു. വിളപ്പിൽശാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പൊട്ടാതെ കിടന്ന ബോംബ് നിർവീര്യമാക്കി. വിളപ്പിൽശാല പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.