മയക്ക് മരുന്ന് പിടികൂടുന്നതിന് പൊലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ പെരുമ്പാവൂരിൽ നിന്നുമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. മൂന്നൂറിലേറെ പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് ഇവിടെ നിന്നും പിടികൂടിയത്. 

കൊച്ചി: എറണാകുളത്ത് മയക്ക് മരുന്നിനെതിരെ പരിശോധന ശക്തമാക്കി പൊലീസ്. പെരുമ്പാവൂരും ആലുവയിലും ഇന്നലെയും ഇന്നുമായി നടത്തിയ റെയ്ഡില്‍ രാസലഹരി കുത്തി വയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചുകളടക്കം പൊലീസ് കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളെ പ്രതി ചേര്‍ത്ത് പത്ത് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു.

മയക്ക് മരുന്ന് പിടികൂടുന്നതിന് പൊലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ പെരുമ്പാവൂരിൽ നിന്നുമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. മൂന്നൂറിലേറെ പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് ഇവിടെ നിന്നും പിടികൂടിയത്. ലഹരി വസ്തുക്കള്‍ വിറ്റ് കിട്ടിയ വകയിൽ ഇരുപത്തിമൂവായിരത്തോളം രൂപയും പൊലീസ് കടകളില്‍ നിന്ന് കണ്ടെടുത്തു. ആലുവയില്‍ നിന്നാണ് രാസലഹരി ഉപയോഗിക്കുന്ന സിറിഞ്ചുകള്‍ പിടികൂടിയത്.

ആലുവ റെയിൽവേ സ്റ്റേഷനിലും പരിസരത്തും മയക്കുമരുന്നു പിടികൂടാൻ പ്രാഗത്ഭ്യം നേടിയ നാർക്കോട്ടിക്ക് സ്നിഫർ ഡോഗിന്റെ സഹായത്തോടെയാണ് പൊലീസ് പരിശോധന നടത്തിയത്. ആലുവയിലും പരിസരങ്ങളിലും നിരോധിത ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതും ഇതിന്‍റെ ഭാഗമായി കുറ്റകൃത്യങ്ങള്‍ കൂടിവരുന്നതിനുമെതിരെ പരാതികള്‍ ശക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ പ്രത്യേക പരിശോധനക്ക് നിര്‍ദ്ദേശം നല്‍കിയത്.

നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളും ഇവര്‍ക്ക് ഇത് നല്‍കുന്നവരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. കുറ്റകൃത്യം തടയുന്നതിന്റെ ഭാഗമായി റെയ്ഡുകളും നടപടികളും തുടരുമെന്ന് പൊലീസ് അറിയിച്ചു.

Read also: ലഹരി മാഫിയ പ്രവാസിയുടെ വീട് ആക്രമിച്ചു; യുവാവിന് വെട്ടേറ്റു, പോലീസ് ജീപ്പിന്റെ ഗ്ലാസ് തകർത്തു

ശുചിമുറിയില്‍ പോകാന്‍ വിലങ്ങ് അഴിച്ചപ്പോള്‍ ഓടിരക്ഷപ്പെട്ട് കഞ്ചാവ് കേസ് പ്രതി; നാട്ടുകാര്‍ പിടികൂടി
അടിമാലി: ഇടുക്കിയില്‍ നർകോട്ടിക് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് ഓഫിസിൽ നിന്നു ജീവനക്കാരെ വെട്ടിച്ചു കടന്ന പ്രതി പിടിയില്‍. പത്തനംതിട്ട കോഴഞ്ചേരിയിൽ വെച്ചാണ് പ്രതി പിടിയിലായത്. ഒഡീഷ സ്വദേശി ഗുരുപതർ വിജയഗമാനെ (34) ആണ് നാട്ടുകാർ പിടികൂടി എക്സൈസിന് കൈമാറിയത്.

വെള്ളിയാഴ്ച രാത്രി 11ന് ആണ് ഗുരുപതറിനെ 4.250 കിലോ കഞ്ചാവുമായി സിഐ കെ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ മൂന്നോടെ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ട പ്രതി അവിടെ നിന്നു ജീവനക്കാരനെ തള്ളിവീഴ്ത്തി കടന്നുകളയുകയായിരുന്നു. പ്രതിക്ക് കോഴഞ്ചേരിയിൽ സുഹൃത്തുക്കളുണ്ടെന്ന് എക്സൈസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതിനിടെയാണ് ഇയാളെ കോഴഞ്ചേരിയിൽ നിന്നു നാട്ടുകാർ പിടികൂടി എക്സൈസ് സംഘത്തിനു കൈമാറിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...