കാസർകോട് ചിറ്റാരിക്കലിൽ മോഷ്ടാവെന്ന് കരുതി നാട്ടുകാർ കെട്ടിയിട്ട ജാർഖണ്ഡ് സ്വദേശിയായ യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ അമ്പലത്തറ സ്നേഹസദനത്തിൽ പ്രവേശിപ്പിച്ചു. പിന്നീട് പരിചരണത്തിലൂടെ ആരോഗ്യം വീണ്ടെടുത്ത യുവാവിനെ ബന്ധുക്കളെത്തി നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
കാസർകോട്: കൃത്യസമയത്തുള്ള ഇടപെടലും മനുഷ്യത്വപരമായ സമീപനവും കൊണ്ട് ജാർഖണ്ഡ് സ്വദേശിയായ യുവാവിന് കുടുംബത്തോടൊപ്പം വീണ്ടും ഒന്നിച്ചുചേരാൻ അവസരമൊരുക്കി ചിറ്റാരിക്കൽ പൊലീസ്. ഒരു വീട്ടിൽ മോഷ്ടാവ് കയറിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് ചിറ്റാരിക്കൽ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് നാട്ടുകാർ കെട്ടിയിട്ട നിലയിൽ ഒരു യുവാവിനെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആ യുവാവ് ഇതര സംസ്ഥാന സ്വദേശിയാണെന്ന് പൊലീസിന് മനസ്സിലായി.
ഒരു വീട്ടിൽ വെള്ളം ചോദിച്ചു എത്തിയ ഇയാൾ അനുമതി ഇല്ലാതെ ആ വീട്ടിലേക്ക് കയറി. ഇതോടെ വീട്ടുകാർ പരിഭ്രാന്തിയിലായി. അങ്ങനെ ആണ് നാട്ടുകാർ പൊലീസിനെ അറിയിക്കുന്നത്. യുവാവിന്റെ ശാരീരിക - മാനസികാവസ്ഥ കൃത്യമായി മനസ്സിലാക്കിയ പൊലീസ് അദ്ദേഹത്തെ സുരക്ഷിതമായും കരുതലോടെയും അമ്പലത്തറ സ്നേഹസദനത്തിലേക്ക് മാറ്റാൻ നടപടി സ്വീകരിച്ചു. അവിടെ ലഭിച്ച ആവശ്യമായ പരിചരണവും പിന്തുണയും യുവാവിന് തുണയായി. ക്രമേണ അദ്ദേഹത്തിന്റെ മാനസികനില മെച്ചപ്പെടുകയും തുടർന്ന് നടത്തിയ ആശയവിനിമയത്തിലൂടെ താൻ ജാർഖണ്ഡ് സ്വദേശിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു.
സ്നേഹാലയം അധികൃതരുടെ തുടർ ഇടപെടലിലൂടെ ജാർഖണ്ഡിലെ ബന്ധുക്കളുമായി ബന്ധപ്പെടുകയും ഒടുവിൽ യുവാവിന്റെ കുടുംബത്തെ കണ്ടെത്താൻ സാധിക്കുകയും ചെയ്തു. വിവരമറിഞ്ഞ് കേരളത്തിലെത്തിയ ബന്ധുക്കൾ 'ബാലക്' എന്ന യുവാവിനെ ഏറ്റെടുത്ത് നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതോടെ ഏറെ നാളായി കുടുംബത്തിൽനിന്ന് അകന്നുകഴിഞ്ഞിരുന്ന യുവാവിന് തന്റെ പ്രിയപ്പെട്ടവരോടൊപ്പം വീണ്ടും ജീവിക്കാനുള്ള ഭാഗ്യമാണ് കൈവന്നത്.
പതിവ് പൊലീസ് നടപടിക്കിടയിലും ഒരു മനുഷ്യന്റെ നിസ്സഹായാവസ്ഥയും ദുരവസ്ഥയും തിരിച്ചറിയാൻ ചിറ്റാരിക്കൽ പൊലീസ് ശ്രമിച്ചു. അദ്ദേഹത്തിന്റെ സുരക്ഷയും പുനർചിന്തയോടെയുള്ള പുനധിവാസവും കുടുംബ പുനഃസമാഗമവും ഉറപ്പാക്കുന്നതിൽ പൊലീസിനൊപ്പം സ്നേഹാശ്രമം അധികൃതരുടെ സഹകരണവും സമയോചിതമായ ഇടപെടലും നിർണായകമായി.





