വയനാട്ടില്‍ ഉറ്റസുഹൃത്തുക്കളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സമൂഹമാധ്യമങ്ങളിലെ 'മരണഗ്രൂപ്പുകള്‍'

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 4, Nov 2018, 9:37 AM IST
police explains mystery behind chain of suicide of teenagers at wayanad
Highlights

കണിയാമ്പറ്റ കടവൻ സുബൈർ - റഷീദ് ദമ്പതികളുടെ മകനായ പതിനേഴുകാരന്‍ മുഹമ്മദ് ഷമ്മാസിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ബന്ധുക്കളുടെ പരാതിയാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകളിലേക്ക് പൊലീസിനെ എത്തിച്ചത്. 

പനമരം: വയനാട്ടില്‍ അടുത്തിടെ നടന്ന മൂന്നു സുഹൃത്തുക്കളുടെ ആത്മഹത്യക്ക് പിന്നില്‍ സമൂഹമാധ്യമങ്ങളെന്ന് പൊലീസ്. കണിയാമ്പറ്റ കടവൻ സുബൈർ - റഷീദ് ദമ്പതികളുടെ മകനായ പതിനേഴുകാരന്‍ മുഹമ്മദ് ഷമ്മാസിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ബന്ധുക്കളുടെ പരാതിയാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകളിലേക്ക് പൊലീസിനെ എത്തിച്ചത്. ഷമ്മാസിന്റെ ഉറ്റസുഹൃത്ത് ഉള്‍പ്പെടെ മൂന്ന് പേരുടെ ആത്മഹത്യ തമ്മില്‍ ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 

ഒരുമാസത്തിനിടെ ആത്മഹത്യ ചെയ്ത മൂന്നു പേരും വളരെ സജീവമായി സമൂഹമാധ്യമങ്ങളിലെ ചില ഗ്രൂപ്പുകളില്‍ ഉണ്ടായിരുന്നു. ജീവിതത്തിന്റെ അര്‍ത്ഥശൂന്യത വര്‍ണിക്കുന്ന ഈ ഗ്രൂപ്പുകളുടെ സ്വാധീനം ഇവരുടെ ആത്മഹത്യയ്ക്ക് കാരണമായെന്നാണ് പൊലീസ് നിഗമനം. ഷമ്മാസിന്റെ ഉറ്റ സുഹൃത്തായ മുഹമ്മദ് ഷെബിന്റെ മരണത്തിന് ഏതാനും ദിവസം മുന്‍പ് പനമരത്ത് നടന്ന മറ്റൊരു ആത്മഹത്യയ്ക്കും ഇവരുടെ മരണവുമായി ബന്ധമുണ്ടെന്നാണ് സൂചന.

പനമരം സ്വദേശിയായ വിദ്യാർഥി കട്ടാക്കാലൻ മൂസയുടെ മകൻ നിസാം വീടുവിട്ടിറങ്ങി മാനന്തവാടിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തി തൂങ്ങിമരിച്ചിരുന്നു. ചുവരില്‍ ചില പേരുകള്‍ കുറിച്ചിട്ട ശേഷമായിരുന്നു ഈ ആത്മഹത്യ. നിസാമിന് ഷെബിനെ അറിയാമായിരുന്നു എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൗമാരക്കാരുടെ ആത്മഹത്യയെ തുടര്‍ന്ന് ഈ മരണത്തിലെ ദുരൂഹത നീക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. 

ഷമ്മാസിന്റെയും ഷെബിന്റെയും അടുത്ത സുഹൃത്തുക്കളായ പതിമൂന്നുപേര്‍ ഈ ഗ്രൂപ്പുകളില്‍ ഉണ്ടെന്നും ഇവരുടെ മരണത്തിന് ശേഷം ഇവര്‍ കടുത്ത വിഷാദത്തില്‍ ആണെന്നും റിപ്പോര്‍ട്ടുണ്ട്. വിഷാദ രോഗത്തിലേക്ക് നയിക്കുന്ന പാട്ടുകളുടെ ആരാധകരാണ് ഇവരെന്നാണ് ഇവരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിരീക്ഷിച്ച ശേഷം പൊലീസ് വ്യക്തമാക്കുന്നത്. ഈ കുട്ടികളെ കണ്ടെത്തി കൗണ്‍സിലിംഗിന് വിധേയമാക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

loader