'കവർച്ചയ്ക്കു ശേഷം ആദ്യം സ്കൂട്ടറിലാണ് പ്രതികള്‍ രക്ഷപ്പെട്ടത്. പിന്നീട് സ്കൂട്ടർ പോത്തൻകോട് ഉപേക്ഷിച്ച ശേഷം ഓട്ടോറിക്ഷയിലാണ് അവിടെ നിന്നും രക്ഷപ്പെട്ടത്. തുടർന്ന് പോങ്ങനാട് എത്തി സുഹൃത്തിന്റെ കാർ വാങ്ങി തൃശൂരിലേക്കു കടന്നു'.
തിരുവനന്തപുരം: പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന ശേഷം പ്രതികളായ റീൽസ് താരം മീശ വിനിതും സംഘവും രക്ഷപ്പെടാനുപയോഗിച്ച കാർ പൊലീസ് കണ്ടെത്തി. കവർച്ച നടത്തിയ ശേഷം തൃശ്ശൂരിലേക്ക് രക്ഷപ്പെടാൻ ഉപയോഗിച്ച് കാറാണ് പൊലീസ് കണ്ടെടുത്തത്. കവർച്ചയ്ക്കു ശേഷം ആദ്യം സ്കൂട്ടറിലാണ് പ്രതികള്‍ രക്ഷപ്പെട്ടത്. പിന്നീട് സ്കൂട്ടർ പോത്തൻകോട് ഉപേക്ഷിച്ച ശേഷം ഓട്ടോറിക്ഷയിലാണ് അവിടെ നിന്നും രക്ഷപ്പെട്ടത്. തുടർന്ന് പോങ്ങനാട് എത്തി സുഹൃത്തിന്റെ കാർ വാങ്ങി തൃശൂരിലേക്കു കടക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ വിനീത് തിരികെ കിളിമാനൂരിൽ മടങ്ങിയെത്തി. ഇതിനായി ഉപയോഗിച്ച കാറാണ് പൊലീസ് കണ്ടെടുത്തത്.
കണിയാപുരത്താണ് പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് വിനീതും സംഘവും രണ്ടര ലക്ഷം രൂപ കവർന്നത്. പ്രതികളെ കഴിഞ്ഞ ദിവസം സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തിരുന്നു. പ്രമുഖ റീൽസ് താരം മീശ വിനീത് എന്ന കിളിമാനൂർ കീഴ്പേരൂർ കിട്ടുവയലിൽ വീട്ടിൽ വിനീത് (26), കൂട്ടാളി കിളിമാനൂർ വെള്ളല്ലൂർ കാട്ടുചന്ത ചിന്ത്രനല്ലൂർ ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ ജിത്തു (22) എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. റിമാൻഡിലായിരുന്ന പ്രതികളെ മംഗലപുരം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പു നടത്തിയത്.
മാർച്ച് 23 ന് ആണ് കണിയാപുരത്തുള്ള എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നിൽ വച്ച് കവർച്ച നടത്തിയത്. ഇന്ത്യനോയിൽ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഷാ ആലം ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ് ബി ഐ ബാങ്കിൽ അടയ്ക്കാൻ പോകവേയാണ് സ്കൂട്ടറിലെത്തിയ ഇവർ പണം പിടിച്ച് പറിച്ച് കടന്നു കളഞ്ഞത്. ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവിൽ നിന്നവർ ഷാ അടുത്തെത്തിയപ്പോഴേക്കും കൈയിലെ പൊതി തട്ടിപ്പറിക്കുകയായിരുന്നു.
കേസിലെ പ്രധാന പ്രതിയായ മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂർ സ്റ്റേഷനിൽ ബലാത്സംഗ കേസിലും പ്രതിയാണ്. ഒരു വിദ്യാർത്ഥിനി തമ്പാനൂർ സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ആദ്യമായി വിനീതിനെതിരെ പൊലീസ് കേസെടുത്തതും അറസ്റ്റ് ചെയ്യുന്നതും. 2022 ഓഗസ്റ്റിലായിരുന്നു സംഭവം. അടുത്തിടെയാണ് ഇയാൾ ജയിലിൽ നിന്നു പുറത്തിറങ്ങിയത്.
Read More : ഉടമയുടെ വ്യാജ ഒപ്പിട്ടു, 'സി.ആർ-7' ഷോപ്പ് കൈക്കലാക്കി 50 ലക്ഷത്തോളം തട്ടിയെടുത്തു; വ്യാപാരി പിടിയിൽ
