ആലപ്പുഴ: തുമ്പോളി തിയ്യശ്ശേരി പാലത്തിന് പടിഞ്ഞാറുള്ള വർക്ക് സൈറ്റിൽ നിന്ന് മോഷണം പോയ ലോറി മൂന്നാറിൽ നിന്ന് കണ്ടെടുത്തു. ലോറി മോഷണം പോയ കേസിൽ ആലപ്പുഴ മാളികമുക്ക് കൊച്ചിങ്ങാംപറമ്പ് വീട്ടിൽ സുനീറിനെ അറസ്റ്റ് ചെയ്തു. ചേർത്തല സൗത്ത് നാശ്ശേരി പറമ്പിൽ അരുണിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. കഴിഞ്ഞ 27നാണ് ലോറി വർക്ക് സൈറ്റിൽ നിന്ന് മോഷണം പോകുന്നത്. 

തുടർന്ന് ആലപ്പുഴ നോർത്ത് പൊലീസ് മോഷണ ദിവസം സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന സുനീറിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും പ്രതിയെ സ്റ്റേഷനിൽ കൂട്ടികൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയുമായിരുന്നു.

മോഷ്ടിച്ച ലോറി കൂട്ടുകാരൻ മഹിയുമായി വിൽപ്പന നടത്താൻ ഇടുക്കിയിലും, പാലക്കാടും, തുടർന്ന് കമ്പം വഴി മൂന്നാറിനു സമീപവും എത്തിച്ചു. വിൽപ്പന നടക്കാതിരുന്നതിനാൽ മൂന്നാറിനു സമീപമുള്ള ഒരുസ്ഥലത്ത് ലോറി ഇട്ടിരിക്കുകയായിരുന്നു. മോഷണത്തിൽ തുടർ അന്വേഷണം നടത്തിവരികയാണന്ന് നോർത്ത് പൊലീസ് സ്റ്റേഷ‍‍‍ൻ ഐ എസ് എച്ച് ഒ വിനോദ് കെ പി പറഞ്ഞു.