കോഴിക്കോട്: നാല് വർഷമായി വൈദ്യുതിയെത്താതെ ഇരുട്ടിൽ കഴിയുന്ന ആദിവാസി കുടുബങ്ങൾക്ക് വെളിച്ചവുമായി ജനമൈത്രി പൊലീസ്. കോഴിക്കോട് നാദാപുരം വാണിമേൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലുളള പയനംകൂട്ടം ആദിവാസി കോളനിയിലാണ് വളയം ജനമൈത്രി പൊലീസിന്റെ ഇടപെടലിലൂടെ വൈദ്യുതിയെത്തിയത്.

വളയം ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസർമാർ പ്രത്യേക സന്ദർശനത്തിന്റെ ഭാഗമായി എസ് സി പ്രൊമോട്ടർക്കൊപ്പം കോളനിയിലെത്തിയപ്പോഴാണ് വൈദ്യുതിയില്ലാത്ത കുടുംബങ്ങളുടെ ദുരവസ്ഥയറിഞ്ഞത്. കുട്ടികൾക്ക് പഠിക്കാൻ പോലുമാവാത്ത അവസ്ഥ നേരിൽ കണ്ട ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

പരപ്പുപാറ കെ എസ് ഇ ബിയുമായും വാണിമേൽ പഞ്ചായത്ത് അധികൃതരുമായും ബന്ധപ്പെട്ട്  കോളനി വൈദ്യുതീകരിക്കുന്നതിനുള്ള തടസം നീക്കി. പ്രധാന റോഡിൽ നിന്ന് ഒരു കിലോ മീറ്ററോളം മാറിയുള്ള കോളനിയിലേക്ക് ഏറെ ബുദ്ധിമുട്ടിയാണ് പോസ്റ്റുകളും കമ്പിയുമെത്തിച്ചത്. ഏഴ് പുതിയ പോസ്റ്റുകളാണ് വെളിച്ചമെത്തിക്കാൻ ആവശ്യമായി വന്നത്. വെളിച്ചം കിട്ടിയപ്പോൾ കോളനി നിവാസികളുടെ മുഖത്ത് കണ്ട ആഹ്ലാദം ഇനിയും ഇത്തരം പ്രവൃത്തികൾ ചെയ്യാൻ പ്രചോദനമാവുമെന്ന് വളയം ജനമൈത്രി സ്റ്റേഷനിലെ ഓഫീസർമാർ പറയുന്നു.