തിരുവനന്തപുരം: റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ പണം പൊലീസ്  സ്റ്റേഷനിൽ ഏൽപ്പിച്ച് ചുമട്ടുതൊഴിലാളി മാതൃകയായത് വാര്‍ത്തയായുരുന്നു. അന്ന് ആ ചുമട്ടുതൊഴിലാളിക്ക് ലഭിച്ച തുക തേടി ഇതുവരെയും ആരും എത്താതായതോടെ മാനസ്സികാരോഗ്യം നേരിടുന്നവരുടെ ക്ഷേമത്തിനായി നല്‍കിയിരിക്കുകയാണ്.

കാട്ടാക്കട സി ഐ ടി യു ചുമട്ടുതൊഴിലാളി കൺവീനർ കൂടിയായ കഞ്ചിയൂർക്കോണം സ്വദേശി വാസുദേവൻ നായര്‍ക്കാണ് അന്ന് പണം കളഞ്ഞുകിട്ടിയത്. മൂന്നു മാസം കാത്തിരുന്നിട്ടും പണം അന്വേഷിച്ച‍് ആരും എത്താതായതോടെ തുക മാനസിക വെല്ലുവിളി നേരിടുന്നവർക്കായി നൽകുകയായിരുന്നു  ദീപാവലി നാളിൽ ഈ തൊഴിലാളിയും പൊലീസുകാരും.  

മൂന്നു മാസം മുമ്പ് വർക്ക് ഓഡർ തുക ലേബർ ഓഫീസിൽ അടക്കുവാനായി പോകവെയാണ് കാട്ടാക്കട  കോടതിക്ക്  സമീപത്തുനിന്ന് നാലായിരം രൂപ വാസുദേവന് ലഭിക്കുന്നത്. ആദ്യം ബുക്കിനുള്ളിൽ അടുക്കി വച്ചിരുന്ന നോട്ടുകൾ ഊർന്നു വീണതാണ് എന്ന് കരുതി ഇവ എല്ലാം ശേഖരിച്ചു. ബുക്ക് പരിശോധിച്ചപ്പോൾ ലേബറിൽ  അടക്കുവാനുള്ള തുക അതെ പടി ഉണ്ട്. കിട്ടിയ നോട്ടുകളുമായി ലേബർ ഓഫീസിൽ പോയി ഉദ്യോഗസ്ഥനായ അഭിലാഷിനോട് വിവരം പറയുകയും ഇരുവരും ചേർന്ന് കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ എത്തി ജി ഡി ചാർജിൽ ഉണ്ടായിരുന്ന സി പി ഓ രാജേഷ് കുമാറിന് തുക കൈമാറി.

പണം നഷ്ടപ്പെട്ടതായി ഇതുവരെയും ആരും പരാതിയുമായി എത്തുകയോ പണം ലഭിച്ചതിനുസമീപത്തുള്ള സ്ഥാപനങ്ങളിലും ആരും അന്വേഷിച്ച് വരികയോ ചെയ്തില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അന്വേഷണം വരാതായതോടെ തുക അശരണർക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 

പൊലീസ്   സബ് ഇൻസ്‌പെക്ടർ രതീഷ്  ഉൾപ്പടെ ഉള്ള ഉദ്യോഗസ്ഥർ വാസുദേവനുമായി സംസാരിച്ചു കുരുതംകോട്  മെന്‍റൽ റിഹാബിലിറ്റേഷൻ സെന്‍ററിന് കൈമാറാന്‍ തീരുമാനിച്ചു. സ്ഥാപന ഡയറക്ടർ  ശാലിനിക്ക് ജനമൈത്രി യോഗത്തിൽ വച്ച്  കാട്ടാക്കട സബ് ഇൻസ്‌പെക്ടർ  പി. രതീഷ്  തുക കൈമാറി. തുക വലുതോ ചെറുതോ എന്നല്ല കളഞ്ഞു കിട്ടിയ തുക സ്വന്തമാക്കാൻ അവസരം ഉണ്ടായിട്ടും സത്യസന്ധമായി  പ്രവർത്തിച്ച വാസുദേവൻ മാതൃകയാണ് എന്നു സബ് ഇൻസ്‌പെക്ടർ രതീഷ് പറഞ്ഞു.

ചടങ്ങിൽ പങ്കെടുത്ത വ്യാപാരി വ്യവസായി സംഘടനകൾ, സന്നദ്ധ സംഘടനകൾ,  ഗ്രന്ഥശാല പ്രവർത്തകർ ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവരുടെ സാനിധ്യത്തിൽ വാസുദേവനെ പൊന്നാട ചാർത്തി അനുമോദിച്ചു . തുടർന്നാണ് തുക കൈമാറിയത്.   ഷീജയാണ് വാസുദേവന്‍റെ ഭാര്യ, ആദിത്യൻ വി എസ് നായർ, ഇരട്ടകളായ അരവിന്ദ് വി എസ് നായർ, ആനന്ദ് വി എസ നായർ എന്നിവർ മക്കളാണ്.