ആവിക്കല്‍ തോട് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സംബന്ധിച്ച യോഗത്തിനിടെയായിരുന്നു സിപിഎം എംഎല്‍എയ്ക്കെതിരെ പ്രതിഷേധം ഉണ്ടായത്.

കോഴിക്കോട്: ആവിക്കല്‍ തോട് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുമായി ബന്ധപ്പെട്ട് കോഴിക്കോട് കോ‍ര്‍പ്പറേഷൻ ജനസഭയിൽ ഉണ്ടായ പ്രതിഷേധത്തില്‍ 75 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. വെസ്റ്റ്ഹില്‍ തോപ്പയില്‍ വാര്‍ഡ് ജനസഭ കൈയേറി നടന്ന പ്രതിഷേധത്തിലാണ് 75 പേര്‍ക്കെതിരെ വെള്ളയില്‍ പൊലീസ് കേസെടുത്തത്. 

ആവിക്കല്‍ തോട് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സംബന്ധിച്ച യോഗത്തിനിടെയായിരുന്നു എം എൽ എ തോട്ടത്തിൽ രവീന്ദ്രനെതിരെ പ്രതിഷേധം ഉണ്ടായത്. അറുപത്താറാം വാര്‍ഡില്‍ നിന്നെത്തി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഇര്‍ഫാന്‍, ദാവൂദ്, എസ്ഡിപിഐ നേതാവ് കൊമ്മേരി സ്വദേശി ഗഫൂര്‍, പുതിയങ്ങാടി സ്വദേശി മുനീര്‍ എന്നിവരടക്കം 75 പേര്‍ക്കെതിരെയാണ് സ്വമേധയാ കേസെടുത്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, മാര്‍ഗതടസ്സം സൃഷ്ടിക്കല്‍, അന്യായമായി സംഘംചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

അതേ സമയം, ആവിക്കൽ മാലിന്യ പ്ലാന്‍റിന്‍റെ പേരിൽ കോഴിക്കോട് തോപ്പയിലിൽ സംഘടിപ്പിച്ച ജനസഭയിൽ കരുതിക്കൂട്ടി പ്രശ്നങ്ങളുണ്ടാക്കാൻ ആളുകളെത്തിയെന്നാണ് തോട്ടത്തിൽ രവീന്ദ്രൻ എംഎല്‍എയുടെ ആരോപണം. സ്ത്രീകൾ ഉൾപ്പടെ ബഹളം വെച്ചു. തന്‍റെ കാറിന് നേരെ കല്ലേറുണ്ടായെന്നും എംഎല്‍എ പറയുന്നു. കോർപറേഷന്‍റെ 75 വാർഡുകളിലെയും വികസന വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ജനസഭകൾ വിളിച്ചത്. ആവിക്കൽ മാലിന്യ പ്ലാന്‍റ് സംബന്ധിച്ച് ജനങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാൻ തയാറാണ്. സാധാരണക്കാരായ ആളുകളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. എസ് ഡി പി ഐ ഉൾപ്പടെ സമരത്തിൽ ഇടപെട്ട് പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും എംഎല്‍എ ആരോപിച്ചു.

Read More : പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് മന്ത്രി വീണ ജോര്‍ജ്, ഉന്നതതല യോഗം ചേര്‍ന്നു

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; അന്വേഷണം എവിടെ വരെയായെന്ന് സർക്കാരിനോട് കോടതി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം എവിടെ വരെയെത്തി എന്നറിയിക്കാൻ സർക്കാറിന് ഹൈക്കോടതി നിർദ്ദേശം നല്‍കി. കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. അന്വേഷണം തുടങ്ങി എട്ട് മാസമായെന്നും തട്ടിയ പണം എവിടെപോയെന്നതിന് ഒരു തെളിവും ലഭിച്ചില്ലെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. 

കരുവന്നൂർ ബാങ്കിൽ ലക്ഷങ്ങളുടെ നിക്ഷേപം ഉണ്ടായിട്ടും ചികിത്സയ്ക്ക് പണം കിട്ടാതെ 70 കാരി മരിച്ച സംഭവം വിവാദമായിരിക്കെയാണ് സിബിഐ അന്വേഷണം തേടിയുള്ള ഹർജി ഹൈക്കോടതി മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പരിഗണിച്ചത്. കരുവന്നൂർ ബാങ്കിലെ മുൻ ജീവനക്കാരനും തൃശ്ശൂർ സ്വദേശിയുമായ എംവി സുരേഷാണ് കോടതിയെ സമീപിച്ചത്. 104 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് സിപിഎം നേതാക്കൾ ഇടപെട്ട് അട്ടിമറിക്കുകയാണെന്നും കോടതി മേൽനോട്ടത്തിൽ സിബിഐ കേസ് അന്വേഷിക്കണമെന്നുമായിരുന്നു പ്രധാന ആവശ്യം. 

കഴിഞ്ഞ വർഷം ജൂലൈ 21 ന് എം വി സുരേഷ് നൽകിയ ഹർജിയിൽ സർക്കാരും ബാങ്കും സിബിഐ അന്വേഷണത്തെ എതിർത്തിരുന്നു. ക്രൈംബ്രാ‌ഞ്ച് ഫലപ്രദമായ അന്വേഷണം നടത്തുന്നുണ്ടെന്നാണ് സർക്കാർ വാദം. നിക്ഷേപർക്ക് പണം നഷ്ടപ്പെടില്ലെന്ന് ബാങ്കും കോടതിയെ അറിയിച്ചിരുന്നു. ഇന്ന് ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാറിന്‍റെ മറുപടി ലഭിക്കാനായി ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റി.