ആലപ്പുഴ: തുരുത്തില്‍ ഒറ്റപ്പെട്ട കുടുംബത്തെ എടത്വാ പൊലീസിന്റെ നേതൃത്വത്തില്‍ സഹാസികമായി രക്ഷപെടുത്തി. എടത്വാ പട്ടത്താനം ബിജു വര്‍ക്കിയുടെ കുടുംബത്തിലെ വൃദ്ധമാതാപിതാക്കളേയും 15 ദിവസം പ്രായമായ കുട്ടി ഉള്‍പ്പെടെ അഞ്ച് പേരെയാണ് പൊലീസ് സംഘവും, റസ്‌ക്യൂ ടീം പ്രവര്‍ത്തകരും രക്ഷപെടുത്തിയത്. 

പ്രധാന പാതയില്‍ നിന്ന് രണ്ട് കിലോമീറ്ററോളം ഉള്ളിലായാണ് പ്രവാസിയായ ബിജു വര്‍ക്കിയുടെ കുടുംബം താമസിക്കുന്നത്. വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ബിജുവിന്റെ ഭാര്യ റസ്‌ക്യു ടീമിനെ വിവരം അറിയിച്ചു. റെസ്‌ക്യു ടീമിന് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലത്തെ താമസക്കാരായ ഇവരെ സഹായിക്കാന്‍ ടീം പ്രവര്‍ത്തകര്‍ എടത്വാ പൊലീസിന്റെ സഹായം തേടി. 

മുറിക്കുള്ളില്‍ അരയോളം വെള്ളത്തില്‍ കഴിഞ്ഞിരുന്ന ബിജുവിന്റെ വൃദ്ധമാതാപിതാക്കളേയും, ഭാര്യയേയും, 15 ദിവസം പ്രായമായ കൈക്കുഞ്ഞിനേയും, അഞ്ച് വയസുള്ള മൂത്ത മകനേയും സഹാസികമായാണ് ബോട്ടില്‍ കയറ്റി കരയ്‌ക്കെത്തിച്ചത്. 

രക്ഷപ്രവര്‍നത്തിന് എത്തിച്ച ബോട്ടിന്റെ എന്‍ജിന്‍ തകരാറായതിനാല്‍ പൊലീസ് സംഘവും റെസ്‌ക്യൂ ടീം പ്രവര്‍ത്തകരും രണ്ട് കിലോമീറ്ററോളം തുഴഞ്ഞാണ് കര അണഞ്ഞത്. കരയില്‍ എത്തിയ കുടുംബത്തെ തിരുവല്ലായിലേക്ക് മാറ്റി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തനിച്ചായവര്‍ക്ക് ഏതവസരത്തിലും സഹായത്തിന് കേരള പൊലീസ് സജ്ജമാണെന്ന് എടത്വാ എസ്‌ഐ സിസില്‍ ക്രിസ്റ്റില്‍ രാജ് അറിയിച്ചു.