പാലക്കാട്: പാലക്കാട് കുളപ്പുളളിയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഒരേ രീതിയിലുളള മുറിവുകളുമായി ഏഴ് നായ്ക്കളെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. ഇവിടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമെന്ന് പരാതിയുണ്ടായിരുന്നു.  

കഴിഞ്ഞ ദിവസമാണ് ഷൊറണൂർ കുളപ്പുളളിയിലെ ചിന്താമണി ജംഗ്ഷൻ, ആലിൻചുവട്, നെടുങ്ങോട്ടൂർ എന്നീ പ്രദേശത്ത് തെരുവുനായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയത്. വയറിൽ തുളവീണ നിലയിലായിരുന്നു നായ്ക്കളുടെ ജഡം. നഗരസഭ ശുചീകരണ തൊഴിലാളികൾകളാണ് നായ്ക്കളുടെ ജഡം കണ്ടെത്തിയത്. 

വെടിയേറ്റതിന് സമാനമായ മുറിവെന്ന സംശയത്തിൽ മണ്ണൂത്തി വെറ്റിനറി സർവ്വകലാശാലയിൽ നായ്ക്കളുടെ ജഡം പോസ്റ്റ്മോർട്ടത്തിനയച്ചു. സമാന രീതിയിൽ നായ്ക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വെടിയേറ്റല്ല നായ്ക്കൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം. മൂർച്ചയേറിയ ആയുധം കൊണ്ട് മുറിവേൽപ്പിച്ചതാണോ എന്നും പൊലീസ് സംശയിക്കുന്നു. ഒരേ രീതിയിൽ നായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയതാണ് നഗരസഭയെയും ആശയക്കുഴപ്പത്തിലാക്കിരിക്കുന്നത്.

തെരുവുനായ ശല്യം രൂക്ഷമായ കുളപ്പുളളയിൽ അഞ്ചുവയസുകാരനടക്കം നിരവധി പേർക്ക്  നായ്ക്കളുടെ കടിയേറ്റിരുന്നു. ഇതിന്റെ ഭാഗമായാവാം നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയതെന്നും സംശയിക്കുന്നുണ്ട്.