74 ഓളം പൊലീസുകാരാണ് നിലവിൽ ഇവിടെ ജോലി ചെയ്യുന്നത്. പ്രതികളെ കൊണ്ട് പോകുന്നതിനും ഒരു പ്രശ്നം നടന്നാൽ ഓടി എത്തുന്നതിനും ഉപയോഗിക്കേണ്ട ജീപ്പിന്‍റെ അവസ്ഥ കാണേണ്ടതാണ്.
തിരുവനന്തപുരം: കേരളത്തിലെ പ്രശ്നബാധിത പ്രദേശങ്ങളിലൊന്നാണ് വഴിഞ്ഞം. കഴിഞ്ഞ കുറേ ആഴ്ചകളായി വിഴിഞ്ഞത്ത് ലത്തീന്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ അദാനിയും വിഴിഞ്ഞം പോര്‍ട്ടിനെതിരെ സമരം നടക്കുകയാണ്. തുറമുഖ നിര്‍മ്മാണം തുടങ്ങിയ ശേഷം തിരുവനന്തപുരത്തിന്‍റെ തീരദേശത്ത് തീരശോഷണം കൂടുതലാണെന്നും അതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് സമരം. സമരത്തിനെതിരെ പ്രദേശവാസികളും സമരം തുടങ്ങിയിരുന്നു. ഇത് പ്രദേശത്തെ സംഘര്‍ഷ സ്ഥലമാക്കി മാറ്റി. എന്നാല്‍, ഇത്രയേറെ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനുള്ളത് ആകെ മൂന്ന് ജീപ്പ്. നേരത്തെ രണ്ട് ജീപ്പായിരുന്നു സ്റ്റേഷനിലെ 73 പൊലീസുകാര്‍ക്ക് ഉപയോഗിക്കാനുണ്ടായിരുന്നത്. ഇത് അപര്യാപ്തമാണെന്ന് നിരന്തരം പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് മൂന്നാമതൊരു ജീപ്പ് കൂടി സ്റ്റേഷനിലേക്ക് അനുവദിച്ചത്. എന്നാല്‍, ഈ ജിപ്പില്‍ കേറണമെങ്കില്‍ ആദ്യം ടിടി കുത്തിവയ്ക്ക് എടുക്കണമെന്ന് സ്റ്റേഷനിലെ പൊലീസുകാര്‍ തന്നെ അടക്കം പറയുന്നു. 'അത്രയ്ക്ക് കേമനാണവന്‍'.
8 വർഷം മാത്രം പഴക്കമുള്ള ജീപ്പിന്‍റെ അവസ്ഥ ഏറെ പരിതാപകരമാണ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖം, തീരദേശ മേഖല, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, പ്രശ്നബാധിത പ്രദേശങ്ങൾ ഉൾപ്പെട്ട 24 സ്ക്വയർ കിലോമീറ്റർ ഉൾപ്പെടുന്നത് ആണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍റെ പരിധി. 74 ഓളം പൊലീസുകാരാണ് നിലവിൽ ഇവിടെ ജോലി ചെയ്യുന്നത്. പ്രതികളെ കൊണ്ട് പോകുന്നതിനും ഒരു പ്രശ്നം നടന്നാൽ ഓടി എത്തുന്നതിനും ഉപയോഗിക്കേണ്ട ജീപ്പിന്‍റെ അവസ്ഥ കാണേണ്ടതാണ്.
ആക്രിവിലക്ക് വില്‍ക്കാന്‍ പാകത്തിനായ വാഹനമെന്ന് ഒറ്റനോട്ടത്തില്‍ ആരും പറയും. സാധാരണക്കാരന്‍റെ വാഹനമായിരുന്നെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പ് ഓടിച്ചിട്ട് പിടിച്ചേനെ. പക്ഷേ, ഇതിപ്പോ പൊലീസിന്‍റെതായിപ്പോയി. നിയമപാലകരുടെ വാഹനത്തിനെതിരെ ആര് നടപടിയെടുക്കുമെന്നാണ് ജനം ചോദിക്കുന്നത്. ജീപ്പിന്‍റെ ബോഡി പാർട്ടുകൾ തുരുമ്പിച്ച് ഓട്ട വീണ നിലയിലാണ്. പല ഭാഗങ്ങളും കെട്ടുകമ്പിയും പ്ലാസ്റ്റിക് നൂലുകളും വയർ ടാഗുകളും ഉപയോഗിച്ചാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
സീറ്റുകൾ ആണെങ്കിൽ കീറി നശിച്ച നിലയിലും കുഷ്യന് പകരം പത്രക്കടലാസുകൾ മടക്കിവെച്ചാണ് പൊലീസുകാർ ജീപ്പിലെ തങ്ങളുടെ ഇരിപ്പിടം ഒരുക്കുന്നത്. ജീപ്പിന്‍റെ ഡോറുകൾ ആണെങ്കിൽ അടയ്ക്കാനും തുറക്കാനും പ്രത്യേക പരിശീലനം തന്നെ വേണം. തീരദേശ സമരം ഉൾപ്പെടെ നടക്കുന്ന കഴിഞ്ഞ രണ്ട് മാസമായി സ്റ്റേഷനിൽ നല്ല തിരക്കാണ്. ഇതിനിടയിൽ ഈ ജീപ്പ് പണിമുടക്കിയത് നിരവധി തവണ. അതെല്ലാമൊന്ന് ശരിയാക്കി സംഭവസ്ഥത്ത് പൊലീസെത്തുമ്പോള്‍ ആളും ആരവും അടങ്ങിക്കാണും.
