കഞ്ചാവ് കുടിപ്പകയും മാഫിയ അഴിഞ്ഞാട്ടവും കൊലപാതകത്തിലേയ്ക്ക് നയിച്ചതിനെ തുടര്‍ന്നാണ് ജില്ലാ പൊലീസ് ഓപ്പേറേഷന്‍ കന്നാബിസ് റെയ്ഡ് നടപ്പാക്കിയിരിക്കുന്നത്. റെയ്ഡിന്റെ ഭാഗമായി 320 പേര്‍ക്കെതിരെ ഇതിനകം പൊലീസ് നടപടിയെടുത്തു
തൃശൂര്‍: കഞ്ചാവ് വിതരണശൃംഖല തകര്‍ക്കാന്‍ തൃശൂര്‍ ജില്ലയില്‍ പൊലീസ് ഊര്‍ജ്ജിത നടപടി. അതിവിപുലവും സങ്കീര്‍ണ്ണവുമായ കഞ്ചാവ്, മയക്കുമരുന്ന് ലഹരി ഉല്‍പ്പന്നങ്ങളുടെ ശൃംഖല തേടിയാണ് ഓപ്പേറേഷന്‍ കന്നാബിസ് എന്ന പേരില്‍ പൊലീസ് അന്വേഷണം.
കഞ്ചാവ് കുടിപ്പകയും മാഫിയ അഴിഞ്ഞാട്ടവും കൊലപാതകത്തിലേയ്ക്ക് നയിച്ചതിനെ തുടര്‍ന്നാണ് ജില്ലാ പൊലീസ് ഓപ്പേറേഷന്‍ കന്നാബിസ് റെയ്ഡ് നടപ്പാക്കിയിരിക്കുന്നത്. റെയ്ഡിന്റെ ഭാഗമായി 320 പേര്‍ക്കെതിരെ ഇതിനകം പൊലീസ് നടപടിയെടുത്തു.
കഞ്ചാവിന്റെ ചില്ലറ വിതരണക്കാരനും മൊത്ത വില്‍പ്പനക്കാരനുമിടയില്‍ പത്തില്‍ കുറയാത്ത ഇടനിലക്കാരുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. നിര്‍ധന കുടുംബത്തിലെ കുട്ടികളെ കണ്ടെത്തി പ്രലോഭിപ്പിച്ചാണ് മയക്കുമരുന്ന് വിതരണ ഏജന്റുമാരാക്കുന്നതെന്ന വിവരവും പൊലീസിന് ലഭിച്ചു.
ഉറവിടത്തിലേയ്‌ക്കെത്തി കഞ്ചാവ് കടത്തിന്റെ വേരറുക്കതിനായാണ് ശക്തമായ വിതരണശൃംഖലയിലേയ്ക്ക് എക്‌സെസുമായി ചേര്‍ന്ന് പൊലീസ് അന്വേഷണം ശക്തമാക്കിയത്. കഞ്ചാവ് വിതരണക്കാരും ഉപയോഗിക്കുന്നവരും പലപ്പോഴും പിടിയിലാകാറുണ്ടെങ്കിലും മൊത്തവിതരണക്കാരിലേയ്ക്കും ഉല്‍പാദകരിലേയ്ക്കും അന്വേഷണമെത്തുകയും കര്‍ശന നടപടിയും ലക്ഷ്യമാക്കിയാണ് പൊലീസ് നടപടിയെന്ന് കമ്മീഷണര്‍ യതീഷ് ചന്ദ്ര പറഞ്ഞു.
സ്‌കൂളുകള്‍, കോളജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവിന്റെയും ലഹരിവസ്തുക്കളുടെയും അടിമകളായ വിദ്യാര്‍ത്ഥികളെ കുറിച്ചും പൊലീസ് വിവര ശേഖരണം തുടങ്ങിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി വിവരം സൂക്ഷിച്ച്, ഷാഡോ പൊലീസാണ് ക്രിമിനലുകള്‍ക്കെതിരെയും കഞ്ചാവ് മാഫിയക്കെതിരെയും നടപടി സ്വീകരിക്കുക.
ഇതിന്റെ ഭാഗമായി തീരപ്രദേശങ്ങളിലും, ജില്ലാ അതിര്‍ത്തികളിലും കൂടുതല്‍ പൊലീസ് പരിശോധന തുടങ്ങി. വീടുവിട്ടുപോയി കഞ്ചാവ് കാരിയര്‍മാരായ വിദ്യാര്‍ത്ഥികള്‍, ജോലിയില്ലാതെ വന്‍തോതില്‍ പണമുപയോഗിച്ച് ന്യൂജെന്‍ ബൈക്കുകളില്‍ കറങ്ങുന്നവര്‍, കാടുപിടിച്ച പ്രദേശങ്ങളിലും ഒഴിഞ്ഞ വീടുകളിലും തമ്പടിക്കുന്നവര്‍, മയക്കുമരുന്നിനടിമയായി പ്രശ്‌നക്കാരായവര്‍ എന്നിവരെ കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാം. വാട്‌സ് ആപ്പിലും വിവരം നല്‍കാം. സിറ്റി പൊലീസ് ഓപ്പറേഷന്‍ കന്നാബിസ് കണ്‍ട്രോള്‍ റൂം നമ്പര്‍ 9497918090.
