സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യാമാതാവിനെ ആക്രമിച്ച തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. വെള്ളറടയിൽ നടന്ന സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ, അറസ്റ്റ് ചെറുക്കാൻ ശ്രമിച്ചപ്പോൾ തമിഴ്‌നാട് പോലീസിൻ്റെ സഹായത്തോടെ നാടകീയമായാണ് കേരള പോലീസ് പിടികൂടിയത്.

തിരുവനന്തപുരം: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യാമാതാവിനെ ആക്രമിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്ത കേസിൽ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തിരുനെൽവേലി ജില്ലയിലെ പണകുടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ആശോക് (35) ആണ് അറസ്റ്റിലായത്. വെള്ളറട പൊലീസ് സ്റ്റേഷൻ പരിധിയിലെ ആറുവയൽ കൃപാഭവനിൽ താമസിക്കുന്ന ആശോക്, പണം ആവശ്യപ്പെട്ടാണ് ഭാര്യാമാതാവായ ശാന്തകുമാരിയെ (42) മർദ്ദിച്ചത്. മർദ്ദനത്തിനിടെ ഇയാൾ ശാന്തകുമാരിയുടെ വസ്ത്രം വലിച്ചു കീറുകയും ചെയ്തു. ആക്രമണത്തിൽ ശാന്തകുമാരിക്ക് കൈവിരലിലും നെഞ്ചിലും പരിക്കേറ്റു.

ഒളിവിൽ പോയ ഉദ്യോഗസ്ഥനെ സാഹസികമായി പിടികൂടി സംഭവത്തിന് പിന്നാലെ ശാന്തകുമാരി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും, നിരവധി തവണ ആവശ്യപ്പെട്ടിട്ടും ആശോക് സ്റ്റേഷനിൽ ഹാജരാവാതെ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന്, വെള്ളറട പൊലീസ് ആശോകിനെ പിടികൂടാൻ തമിഴ്‌നാട്ടിലെത്തിയപ്പോൾ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ആശോക് മറ്റ് ചിലരുമായി ചേർന്ന് പൊലീസിനുനേരെ തിരിയുകയും അറസ്റ്റ് ചെറുക്കാൻ ശ്രമിക്കുകയും ചെയ്തു. ഒടുവിൽ, തമിഴ്‌നാട് പൊലീസിൻ്റെ സഹായത്തോടെയാണ് പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ആശോകിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.