വെടിമരുന്നിന് തീ പിടിച്ചതോടെ ഉണ്ടകൾ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടറും വിറകും ഉൾപ്പെടെ സൂക്ഷിച്ചിരുന്ന അടുക്കളയിൽ വച്ചാണ് സ്ഫോടനം ഉണ്ടായത്
എറണാകുളം: ക്ലാവ് പിടിച്ച വെടിയുണ്ട ചൂടാക്കാൻ ചട്ടിയിലിട്ടു വറുത്ത് പൊലീസുകാരൻ. എറണാകുളം എ ആർ ക്യാംപിന്റെ അടുക്കളയിൽ സ്ഫോടനം. സംഭവത്തിൽ ക്യാംപിലെ ആയുധപ്പുരയിലുണ്ടായിരുന്ന റിസർവ് സബ് ഇൻസ്പെക്ടറിനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മീഷണർ. സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ് വ്യക്തമാക്കിയിട്ടുള്ളത്.
മാർച്ച് 10നാണ് സ്ഫോടനം നടന്നത്. ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ സംസ്കാരച്ചടങ്ങുകൾക്കായി വെടിയുണ്ടകൾ തയ്യാറാക്കുമ്പോഴാണ് സംഭവം. ആചാരവെടികൾക്കായി ഉപയോഗിക്കുന്ന ബ്ലാങ്ക് അമ്യൂണിഷൻ വെയിലത്ത് വച്ച് ചൂടാക്കിയ ശേഷമാണ് സാധാരണ നിലയിൽ ഉപയോഗിക്കാറുള്ളത് എന്നാൽ സംസ്കാര ചടങ്ങിന് മുന്നോടിയായി വെടിയുണ്ടകൾ ചൂടാക്കി വച്ചിരുന്നില്ല. ഇതിനാൽ പെട്ടന്ന് ചൂടാക്കിയെടുക്കാനാണ് ഉദ്യോഗസ്ഥൻ ബ്ലാങ്ക് തിരകൾ ക്യാംപിലെ മെസിലെ അടുക്കളയിലെത്തിച്ച് ചട്ടിയിലിട്ട് വറുത്തത്. ആചാര വെടികൾക്കായി ഉപയോഗിക്കുന്ന ബ്ലാങ്ക് അമ്യൂണിഷൻ തയ്യാറാക്കുന്നത് പിച്ചള കാട്രിജിനുള്ളിൽ വെടിമരുന്ന് നിറച്ചാണ് കാട്രിജിൽ നിന്ന് വേർപെട്ട് പോവുന്ന ഈയ ഭാഗം ബ്ലാങ്ക് അമ്യൂണിഷനിൽ ഉണ്ടാവാറില്ല. അതിനാൽ കാഞ്ചി വലിക്കുമ്പോൾ ശബ്ദവും തീയും പുകയും മാത്രമേ ഉണ്ടാകൂ.
വെടിമരുന്നിന് തീ പിടിച്ചതോടെ ഉണ്ടകൾ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടറും വിറകും ഉൾപ്പെടെ സൂക്ഷിച്ചിരുന്ന അടുക്കളയിൽ വച്ചാണ് സ്ഫോടനം ഉണ്ടായത്. ക്യാംപിൽ വൻ തീപിടിത്തം തലനാരിഴയ്ക്കാണ് ഒഴിവായത്. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും വീടുകളുമുള്ള തിരക്കേറിയ മേഖലയിലാണ് ഗുരുതരമായ സുരക്ഷാവീഴ്ചയെന്നതാണ് ശ്രദ്ധേയം.
